മലയാളത്തിന്റെ പ്രിയ നടിയും അവതാരകയുമായ സുബി സുരേഷിന് കലാകേരളത്തിന്റെ യാത്രാമൊഴി. കേരളത്തിന്റെ കലാ- രാഷ്‍ട്രീയ- സാംസ്‍കാരിക രംഗത്തെ പ്രമുഖരടക്കമുള്ള ആയിരക്കണക്കിന് പേരെ സാക്ഷിയാക്കിയാണ് സുബി സുരേഷിന് വിട നില്‍കിയത്. ചേരാനല്ലൂര്‍ ശ്‍മശാനത്തില്‍ വൈകിട്ട് നാല് മണിയോടെയായിരുന്നു സംസ്‍കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. വാരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം അന്ത്യാഞ്‍ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുബിയുടെ അന്ത്യം കഴിഞ്ഞ ദിവസം രാവിലെ കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് സുബിയുടെ രോഗാവസ്ഥയുടെ ഗുരുതര നിലയെക്കുറിച്ച് അറിയാമായിരുന്നത്. രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സാജന്‍ പള്ളുരുത്തി തുടങ്ങിയവരുടെ സംഘത്തിലെ പെണ്‍സാന്നിധ്യമായാണ് സുബി സുരേഷിനെ മലയാളികള്‍ അറിഞ്ഞുതുടങ്ങുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളവും നിരവധി വിദേശ രാജ്യങ്ങളിലെ മലയാളി വേദികളിലും ഇവര്‍ പരിപാടി അവതരിപ്പിച്ച് കൈയടി നേടി.
സ്റ്റേജ് പരിപാടികളില്‍ പുരുഷന്മാര്‍ പെണ്‍വേഷം കെട്ടിയ കാലത്ത് വേദിയില്‍ നേരിട്ടെത്തി വിസ്‍മയിപ്പിച്ച മിന്നും താരമായിരുന്നു സുബി. തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം. സുബിയെ ജനപ്രിയ താരമാക്കി മാറ്റിയത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത 'സിനിമാല' പരിപാടി ആയിരുന്നു. അക്കാലത്തെ കോമഡി കിംഗുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങള്‍ക്കൊപ്പം നിറഞ്ഞാടാൻ സുബിക്ക് സാധിച്ചു. ബ്രേക്ക് ഡാൻസര്‍ ആകണമെന്നായിരുന്നു കൗമാരക്കാലത്ത് സുബിയുടെ മോഹം. പക്ഷേ, ഒരു നര്‍ത്തകിയുടെ ചുവടുകളെക്കാള്‍ സുബിയുടെ വര്‍ത്തമാനത്തിലെ ചടുലതയാണ് വേദികളില്‍ കൈയടി നേടിയത്. കൃത്യമായ ടൈമിംഗില്‍ കൗണ്ടറുകള്‍ അടിക്കാനുള്ള കഴിവ് സുബിയെ സ്റ്റേജിലെ മിന്നും താരമാക്കി മാറ്റി.
അടുത്ത കാലത്ത് യുട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി സുരേഷ്. വലിയ ആരാധക പിന്തുണ യുട്യൂബിലും സ്വന്തമാക്കാൻ സുബി സുരേഷിന് കഴിഞ്ഞിരുന്നു. നിരവധി ഹിറ്റ് സിനിമകളിലും സുബി സുരേഷ് വേഷമിട്ടിരുന്നു. 'കനകസിംഹാസനം', 'എല്‍സമ്മ എന്ന ആണ്‍കുട്ടി', 'പഞ്ചവര്‍ണ്ണ തത്ത', 'ഡ്രാമ' തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
Post a Comment