ഇരിട്ടി: ആകാശ് തില്ലങ്കേരിയുടെയും കൂട്ടാളികളുടെയും അറസ്റ്റ് നാടകത്തെയും നാണിപ്പിക്കുന്ന നാടകമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എംഎൽഎ. മാഫിയ - ക്രിമിനൽ രാഷ്ട്രിയത്തിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തില്ലങ്കേരിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ നടക്കുന്ന നാടകങ്ങൾക്ക് കഥയും തിരക്കഥയും എഴുതിയത് സിപിഎമ്മും സംവിധാനം ചെയ്തത് പോലീസുമാണ്. ആകാശ് നന്നായി അതിൽ അഭിനയിച്ച ഒരാൾ മാത്രമാണ്. കൊലയാളിയും മാഫിയയുമായ ആകാശത്തിനെതിരെ ഒരു ജാമ്യമില്ലാ വകുപ്പ് ചേർക്കുവാനുള്ള നട്ടെല്ല് പോലും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കുമില്ലാതെ പോയി. ആകാശിനെ പ്രകോപിപ്പിച്ചാൽ ഇവിടെയുള്ള പകൽ മാന്യന്മാരായ നേതാക്കളിൽ പലരും തലയിൽ മുണ്ടിട്ട് ഗതികിട്ടാ പ്രേതങ്ങളായി അലയേണ്ടി വരുമെന്ന നല്ല ബോധ്യം സിപിഎം നേതൃത്വത്തിനുണ്ട്. ശുഹൈബ് വധക്കേസിൽ ആകാശിന്റെ വെളിപ്പെടുത്തലിൽ പുതുമയൊന്നുമില്ല. ആകാശ് ഇന്നലെയും ഇന്ന് മട്ടന്നൂർ കോടതിയിൽ ഹാജരാകുമ്പോഴും സിപിഎം ആയിരുന്നു. നാളെയും മാറ്റമൊന്നുമുണ്ടാകില്ല. ആകാശുമായി യാതൊരു ബന്ധവുമില്ലെന്ന് പറയുന്ന സി പി എമ്മിന് സിബിഐ അന്വേഷണത്തിനെതിരെ കോടതിയിൽ നൽകിയ തടസഹർജി പിൻവലിക്കാൻ ധൈര്യമുണ്ടോ. ഇക്കാര്യത്തിലേക്കായി പൊതു പണത്തിൽ നിന്നും ഒന്നരക്കോടി ചിലവിട്ട് അഭിഭാഷകരെ കൊണ്ടുവന്നത് എന്തിനെന്ന് നേതൃത്വം മറുപടി പറയണം. എത്ര കാലം കഴിഞ്ഞാലും ഷുഹൈബിന്റെ കൊലയാളികളെയും കൊല്ലിച്ചവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ യൂത്ത് കോൺഗ്രസും ജനാധിപത്യ വിശ്വാസികളും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് സുധീപ് ജയിംസ് അധ്യക്ഷത വഹിച്ചു. ചന്ദ്രൻ തില്ലങ്കേരി, റിജിൽ മാക്കുറ്റി, കെ. കമൽജിത്ത്, വിനീഷ് ചുള്ളിയാൻ, സന്ദീപ് പണപുഴ, റോബർട്ട് വെള്ളാർവളളി, രാഹുൽ ദാമോദരൻ, രാഗേഷ് തില്ലങ്കേരി, ദിലീപ് മാത്യു, സിജോ മറ്റപ്പള്ളി, കെ. പി. പത്മനാഭൻ , തേജസ് മുകുന്ദ്, ലിഷ, ജിജോ ആൻ്റണി, ഷാനിദ് പുന്നാട് , കെ സുമേഷ്, കെ ശ്രീകാന്ത്, നിമിഷ, വിജിൽ മോഹനൻ, അനസ് നമ്പ്രം ,രോഹിത്ത് കണ്ണൻ, നിധിൻ കോമത്ത്, ശ്രിജേഷ് കൊയിലേരി, ആർ.കെ. നവീൻകുമാർ, മഹിത, ജിബിൻ കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു.
Post a Comment