Join News @ Iritty Whats App Group

ബോട്ടിലെ ചെമ്മീനും അയക്കൂറയും മോഷ്ടിച്ച കണ്ണൂരിലെ പൊലീസുകാരെ സ്ഥലം മാറ്റി; കുടുക്കിയത് സിസിടിവി

കണ്ണൂര്‍: മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്ത ബോട്ടില്‍ നിന്ന് മൽസ്യം മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ബോട്ടിൽനിന്ന് ചെമ്മീനും അയക്കൂറയുമാണ് മറൈന്‍ ഗാര്‍ഡുമാരായ രണ്ടു പോലീസുകാര്‍ മോഷ്ടിച്ചത്. ബോട്ടിലെ സിസിടിവി ദൃശ്യങ്ങളിലാണ് പൊലീസുകാരുടെ മോഷണം പതിഞ്ഞത്. കണ്ണൂരിൽ ജോലി ചെയ്യുന്ന പൊലീസുകാരെ കാസർഗോഡേക്കാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സ്ഥലംമാറ്റിയത്.

മീന്‍ മോഷണം പോയതായി ബോട്ടുടമ പുതിയാപ്പ തെക്കെത്തൊടി ടി മിഥുന്‍ ഫിഷറീസ് വകുപ്പിലും പോലീസിലും പരാതി നല്‍കിയിരുന്നു. 90000 രൂപ പിഴയടച്ച്‌ ബോട്ട് തിരിച്ചെടുക്കാന്‍ ചെന്നപ്പോഴാണ് ചെമ്മീനും അയക്കൂറയും കാണാതായെന്ന് മനസിലായത്. തുടർന്ന് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് ബോട്ട് പിടിച്ചെടുക്കാൻ വന്ന മറൈൻ ഗാർഡിലെ പൊലീസുകാർ മൽസ്യമെടുക്കുന്നത് കണ്ടത്.

വകുപ്പുതല അന്വേഷണത്തിൽ പൊലീസുകാർ മോഷണം നടത്തിയെന്ന് വ്യക്തമായതോടെയാണ് സ്ഥലംമാറ്റ നടപടി. മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടിച്ച ബോട്ടില്‍ നിന്ന് മത്സ്യം നഷ്ടപ്പെട്ട പരാതി അന്വേഷിച്ചു വരികയാണെന്ന് ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ പി കെ ഷൈനി അറിയിച്ചിട്ടുണ്ട്.

കരയോട് ചേര്‍ന്ന് രാത്രി സമയത്ത് മീന്‍ പിടിച്ചെന്ന് കാട്ടിയാണ് കോഴിക്കോട് നിന്നും അഴിക്കോട് ഭാഗത്തെത്തിയ ബോട്ട് കസ്റ്റഡിയിലെടുത്തത്. സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഇല്ലാതെയാണ് കണ്ണൂര്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിലെ മൂന്ന് പോലീസുകാര്‍ ബോട്ട് കസ്റ്റഡിയിലെടുത്തതെന്നും ആരോപണമുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group