തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് സസ്പെൻഷനിലായ ഐ ജി ഗോഗുലത്ത് ലക്ഷ്മണിനെ തിരിച്ചെടുത്തു. ചീഫ് സെക്രട്ടറി വി പി ജോയ് അധ്യക്ഷനായ സമിതിയാണ് നടപടി പിൻവലിച്ചത്.
തട്ടിപ്പിൽ ലക്ഷ്മണിന് ബന്ധമില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ലക്ഷ്മണിനെ തിരിച്ചെടുക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.
നേരത്തേ, ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന എസ് ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണിനെ 2021 നവംബർ പത്തിന് സസ്പെൻഡ് ചെയ്തത്.
മോൻസനെതിരെ തട്ടിപ്പുകേസ് എടുത്തിട്ടും അയാളുമായുള്ള ബന്ധം ഐജി തുടർന്നെന്നും, മോൻസനെതിരെയുള്ള കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ആദ്യം രണ്ടു മാസത്തേക്കായിരുന്നു സസ്പെൻഷൻ. അന്വേഷണം പൂർത്തിയാക്കാൻ സമയം വേണമെന്ന ആവശ്യപ്രകാരം പിന്നീട് നീട്ടുകയായിരുന്നു.
1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മൺ, സോഷ്യല്‍ പൊലീസിങ്, ട്രാഫിക് ചുമതലയുള്ള ഐജിയായിരിക്കെയാണ് സസ്പെൻഷനിലായത്. 2033 വരെ സർവീസുണ്ട്. മോൻസൻ മാവുങ്കലിനെ ഐജി വഴിവിട്ടു സഹായിച്ചതായാണ് ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയത്.
സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയടക്കം ഒട്ടേറെ പൊലീസുകാർക്കു മോൻസനുമായി പരിചയമുണ്ടെങ്കിലും വഴിവിട്ട ഇടപാടു കണ്ടെത്തിയത് ഐജിക്കെതിരെ മാത്രമായിരുന്നു.
Post a Comment