തിരുവനന്തപുരം: ഇസ്രായേലിൽ നിന്ന് മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി തിരിച്ചയച്ചതായി ഔദ്യോഗിക അറിയിപ്പ്. ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം മൊസാദ് ആണ് ബിജു കുര്യനെ കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇസ്രയേലിലെ ഇന്ത്യൻ അംബാസിഡറാണ് കൃഷി വകുപ്പ് സെക്രട്ടറിയെ വിവരം അറിയിച്ചത്. ഇന്റർപോളിനെ ഉദ്ധരിച്ചാണ് ഇന്ത്യൻ എംബസി വിവരം കൈമാറിയത്. ഇസ്രയേലി പൊലീസ് ഇന്റർപോളിനെ വിവരം അറിയിക്കുകയായിരുന്നു.
ബിജു കുര്യൻ തിങ്കളാഴ്ച കേരളത്തിൽ തിരിച്ചെത്തും. ടെൽ അവീവിൽ നിന്ന് ഇന്ത്യൻ സമയം വൈകിട്ട് നാല് മണിക്ക് ബിജു നാട്ടിലേക്ക് തിരിച്ചു. നാളെ പുലർച്ചെ നാല് മണിക്ക് കോഴിക്കോടെത്തും.
ബിജുവിനെ കണ്ടെത്തിയ കാര്യം സഹോദരന്‍ ബെന്നി കൃഷി മന്ത്രി പി. പ്രസാദിനെ വിളിച്ചറിയിക്കുകയായിരുന്നു. ബിജു തിരിച്ചെത്തിയാൽ നിയമനടപടിയുണ്ടാകരുതെന്ന് സഹോദരൻ മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ട് കർഷക സംഘത്തിൽ നിന്നും അപ്രത്യക്ഷനായെന്നതിന് ബിജു സർക്കാരിന് വിശദീകരണം നൽകേണ്ടി വരും.
ഇസ്രായേലിൽ ആധുനിക കൃഷിരീതികൾ പഠിക്കാൻ സംസ്ഥാന സർക്കാർ അയച്ച കർഷക സംഘത്തിൽ നിന്നാണ് ബിജു അപ്രത്യക്ഷനായത്. ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് ബിജു കുര്യനെ കാണാതാകുകയായിരുന്നു. ഇസ്രയേലിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണ് ബിജു പ്രതിനിധി സംഘത്തിൽനിന്ന് മുങ്ങിയതെന്നാണ് വിശദീകരണം. ജെറുസലേമിലും ബത്ലഹേമിലും ബിജു എത്തിയിരുന്നു.
ഇസ്രായേലിൽ ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കിൽ അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നല്കിയിരുന്നു. ഇപ്പോള്‍ കീഴടങ്ങി തിരിച്ചുപോകാന്‍ തയാറായാല്‍ വലിയ കുഴപ്പുണ്ടാകില്ല. അല്ലെങ്കില്‍ ബിജു കുര്യനും സഹായിക്കുന്നവരും വലിയ വില നൽകേണ്ടി വരുമെന്നായിരുന്നു എംബസി മുന്നറിയിപ്പ് നൽകിയത്.
Post a Comment