Join News @ Iritty Whats App Group

ഉമ്മൻചാണ്ടിക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു; തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി; രോഗവിവരം ആരാഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം: കടുത്ത പനിബാധിച്ച് നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ന്യുമോണിയ സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സന്ദർശകർക്ക് അടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനെ നാളെ ആശുപത്രിയിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി.

അർബുദ ബാധിതനായി ചികിത്സയിലുള്ള ഉമ്മൻചാണ്ടിയെ തുടർ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്നായിരുന്നു റിപ്പോർട്ട്. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിൽ കൂടിയാണിത്. എന്നാല്‍ ഇതിനിടെ പനിബാധിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകരയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെയാണ് സഹോദരൻ അലക്സ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത് എന്നാണ് പരാതിയിൽ അലക്സ് ചാണ്ടി ആരോപിച്ചത്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും തനിക്ക് മുകളിൽ സമ്മർദ്ദം ചെലുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചികിത്സ നിഷേധിക്കുന്നുവെന്ന പരാതി അദ്ദേഹത്തിന്റെ കുടുംബം ശക്തമായി എതിർക്കുന്നു. യാതൊരു വീഴ്ചയും ഇല്ലാത്ത വിധത്തിൽ ഏറ്റവും വിദഗ്ധമായ ചികിത്സയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. താൻ പൂർണസംതൃപ്തനാണ്. പാർട്ടി എല്ലാവിധത്തിലുള്ള സഹായവും ചെയ്തു തന്നിട്ടുണ്ട്. ഇങ്ങനെ ഒരു പ്രസ്താവനയ്ക്ക് ഇടയായ സാഹചര്യം എന്നെ മുറിപ്പെടുത്തലാണ്. ഇത്തരമൊരു സാഹചര്യം എങ്ങനെയാണ് ഉണ്ടായതെന്ന് അന്വേഷിക്കുമെന്നും വിശദവിവരങ്ങൾ അറിയിക്കുമെന്നും നേർത്ത ശബ്ദത്തിൽ ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം ലൈവ് വിഡിയോയിൽ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group