മുംബൈ: ലോൺ ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്‌ത 31കാരിക്ക് അക്കൌണ്ടിൽ ഒന്നര ലക്ഷം രൂപ ലഭിച്ചു. ഇപ്പോൾ മൂന്ന് ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ലോൺ ആപ്പ് അധികൃതർ. ആർക്കിടെക്‌ചർ വിദ്യാർഥിനിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. അപേക്ഷിക്കാലെ ലഭിച്ച വായ്പ തുക ഇരട്ടി നൽകാൻ നിർബന്ധിതയായിരിക്കുകയാണ് യുവതി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവതി.
ആദ്യമായി 2022 ജൂലൈ 25നാണ് യുവതി ആപ്പ് ഡൗൺലോഡ് ചെയ്തത്. ആദ്യത്തെ തവണ ലോൺ ഐക്കണിൽ അറിയാതെ ക്ലിക്ക് ചെയ്ത യുവതിക്ക് 2400 രൂപ ബാങ്ക് അക്കൗണ്ടിൽ വന്നതായി പോലീസ് പറഞ്ഞു. അഞ്ച് ദിവസത്തിന് ശേഷം, പണം നൽകണമെന്ന് ആവശ്യപ്പെട്ട് എട്ട് വ്യത്യസ്ത നമ്പറുകളിൽ നിന്നെങ്കിലും യുവതിക്ക് കോളുകൾ വരാൻ തുടങ്ങി. തുടർന്ന് തുക ട്രാൻസ്ഫർ ചെയ്യുന്നതിനായി യുവതിക്ക് ലോൺ ആപ്പ് അധികൃതർ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകിയ ഇതിനുശേഷമാണ് യുവതിക്ക് നിരന്തരം അക്കൌണ്ടിലേക്ക് പണം വരാൻ തുടങ്ങിയത്.
ഈ വർഷം ജനുവരി 28 ആയപ്പോഴേക്കും ഒന്നിലധികം ഇടപാടുകളിലൂടെ യുവതിയുടെ അക്കൗണ്ടിലേക്ക് ആകെ 1.5 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യപ്പെട്ടു. ഫെബ്രുവരി നാലിന് ലോൺ റിക്കവറി ഏജന്റുമാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ തിരികെ നൽകിയില്ലെങ്കിൽ മോർഫ് ചെയ്ത ഫോട്ടോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിക്ക് കോളുകൾ വരാൻ തുടങ്ങി.
ലോൺ റിക്കവറി ഏജന്റുമാരുടെ നിരന്തര പീഡനത്തെ തുടർന്ന് യുവതി പോലീസിനെ സമീപിക്കുകയും പരാതി നൽകുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 419 (വ്യക്തിപരമായ വഞ്ചന), 420 (വഞ്ചനയും സത്യസന്ധതയില്ലാതെ സ്വത്ത് കൈമാറ്റം ചെയ്യലും), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തൽ), സെക്ഷൻ 66 സി (തിരിച്ചറിയൽ രേഖ അപഹരണം), 66 ഡി എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post a Comment