കൽപ്പറ്റ : എന്തായിരുന്നു ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയുമായുള്ള ചർച്ച എന്ന് തുറന്നു പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പലപ്പോഴും ആർഎസ്എസുമായി ഉഭയക്ഷകി ചർച്ച നടന്നിട്ടുണ്ട്. അത് പാടില്ലെന്ന് സിപിഐഎം പറഞ്ഞിട്ടില്ല. രണ്ട് വർഗീയ ശക്തികൾ തമ്മിലുള്ള ചർച്ച എന്ത് എന്നാണ് അറിയേണ്ടത്. ആർഎസ്എസ് - ജമാ അത്ത് ബന്ധം ഇതുവരെ ബന്ധപ്പെട്ടവർ മറുപടി പറഞ്ഞിട്ടില്ല.
അവർ തമ്മിലുള്ള, ജനങ്ങളോട് പറയാൻ പറ്റാത്ത ബന്ധമാണ് ഇത് കാണിക്കുന്നത്. കേന്ദ്രത്തിൻ്റെ ലക്ഷ്യം പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യയാണ്. കോൺഗ്രസും യുഡിഎഫും ഇതൊന്നും ഗൗരവത്തിൽ കാണാൻ ആഗ്രഹിക്കുന്നില്ല. ഈ നിലപാട് അവസരവാദപരമാണ്. ഗവർണർ മന്ത്രിമാരെ വിളിച്ച് വരുത്തുകയാണ്. അദ്ദേഹം പിടിവാശി തുടരുകയാണ്. ബില്ലുകൾ ഭരണഘടനാപരമായി ഇന്നല്ലെങ്കിൽ നാളെ ഒപ്പിടേണ്ടി വരും.
ദല്ലാൾ നന്ദകുമാറിൻ്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇ പി ജയരാജൻ പങ്കെടുത്ത സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ല. എൽഡിഎഫ് കൺവീനർ ജാഥയിൽ ഏത് സമയത്തും പങ്കെടുക്കാം. ഇനിയും സമയം ഉണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിൽ സർക്കാർ സമഗ്രാന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അത് ആശ്വാസകരമാണെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
Post a Comment