Join News @ Iritty Whats App Group

'ജമാഅത്തെ ഇസ്ലാമി-ആർഎസ്എസ് ചർച്ചയിൽ യുഡിഎഫിന് മൗനം', നിലപാട് വ്യക്തമാക്കണമെന്ന് റിയാസ്


തിരുവനന്തപുരം : ജമാഅത്തെ ഇസ്ലാമി ആർഎസ്എസ് ചർച്ചയിൽ യുഡിഎഫ് മൗനം പാലിക്കുന്നുവെന്ന് കുറ്റപ്പെടുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. ലീ​ഗും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. ചർച്ച ഗൗരവത്തിൽ കാണണം. ലീഗ് ഒരക്ഷരം മിണ്ടുന്നില്ല. കെ.പി സി സി പ്രസിഡന്റ് നിലപാട് വ്യക്തമാക്കണം. ഇടത് തുടർ ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഇത്തരം ചർച്ചകൾക്ക് പിന്നിലുണ്ട്.

യു.ഡി എഫിലെ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് ഇത്. ഇസ്ലാം മത വിശ്വാസികളുടെ മനസെന്ത് ചിന്തയെന്ത് എന്നതിന്റെ അട്ടിപ്പേറവകാശം ജമാഅത്ത് ഇസ്ലാമിക്ക് ആരും നൽകിയിട്ടില്ല. ജനങ്ങൾ മതനിരപേക്ഷ മനസുള്ളവരാണ്. കേരളമാകെ കൂടിക്കാഴ്ചയ്ക്ക് എതിരാണ്. ഈ കൂടിക്കാഴ്ച നല്ല കാര്യത്തിനല്ല എന്നത് വ്യക്തമാണെന്നും റിയാസ് കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ആർഎസ്എസ് - ജമാഅത്തെ ഇസ്ലാമി ചർച്ചക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. കൂടിക്കാഴ്ചയുടെ ഉള്ളടക്കം ജമാഅത്തെ ഇസ്ലാമി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി, ആർഎസ്എസുമായി സംവാദം വേണമെന്ന ന്യായം കാപട്യമാണെന്നും വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെക്ക് നൽകിയതെന്നും പിണറായി വിജയന്‍ ചോദിച്ചു. 

സംഭാഷണങ്ങളിലൂടെ നവീകരിക്കാൻ കഴിയുന്ന സംഘടനയാണ് ആർഎസ്എസ് എന്നത് പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളിമാറ്റാൻ കഴിയുമെന്ന കരുതലിന് തുല്യമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. രാജ്യത്തെ ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടിയല്ല ചർച്ചയെന്ന് വ്യക്തമാണ്. വർഗീയതകൾ പരസ്പരം സന്ധിചെയ്ത് മത നിരപേക്ഷതയെ തച്ചുടക്കുകയാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group