Join News @ Iritty Whats App Group

നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു


കൊച്ചി: പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 42 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെടുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു ജനനം. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.

സ്‌കൂള്‍ പഠനകാലത്തു നല്ലൊരു നർത്തകിയായി. ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി.

ടെലിവിഷന്‍ ചാനലുകളിലും സ്‌റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളില്‍ വിവിധതരത്തിലുള്ള കോമഡി റോളുകള്‍ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ അവതാരകയായും സുബി തിളങ്ങി.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍ : എബി സുരേഷ്.

Post a Comment

Previous Post Next Post
Join Our Whats App Group