ഇരിട്ടി മേഖലയിലെ ശിവക്ഷേത്രങ്ങളിൽ മഹാ ശിവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ വിപുലമായ നിലയിൽ ആഘോഷിച്ചു.
മൂലോത്തും കുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ രാവിലെ നടന്ന ശിവപാർവതീ പൂജക്ക് ശ്രീവിദ്യോപാസകൻ എ. ഗോപാലകൃഷ്ണൻ എറണാകുളം മുഖ്യ കാർമ്മികത്വം വഹിച്ചു. സർവാഭിഷ്ട സിദ്ധിക്കായി നടന്ന പൂജയിൽ നൂറുകണക്കിന് കന്യകമാരും സുമംഗലികളും പങ്കെടുത്തു. വിശേഷാൽ പൂജകൾ, അഖണ്ഡ നാമജപം, നിറമാല , വലിയ ചുറ്റുവിളക്ക് തുടങ്ങിയവയും നടന്നു.
കീഴൂർ മഹാദേവക്ഷേത്രത്തിൽ മഹാ ശിവരാത്രിയോടനുബന്ധിച്ച് വിശേഷാൽ പൂജകൾ, അഖണ്ഡ നാമജപം, വൈകുന്നേരം ഇളനീർകാവ് വരവ്, തുടർന്ന് പാനക വിതരണം, യാമപൂജകൾ, വിശേഷാൽ ദ്രവ്യങ്ങളാൽ അഭിഷേകം എന്നിവ നടന്നു.
തന്തോട് ചോംകുന്ന് ശിവക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്കൊപ്പം ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം, ഓട്ടൻതുള്ളൽ, വിവിധ മാതൃസമിതികളുടെ തിരുവാതിര, നൃത്തനൃത്യങ്ങൾ, സിനിമാ പ്രദർശനം എന്നിവ നടന്നു.
ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ രാവിലെ വിശേഷാൽ പൂജകൾ, 8 മണിക്ക് ദ്രവ്യാഭിഷേകം, നവകം, വൈകുന്നേരം ഭജന, രാത്രി സുരേഷ് കാക്കയങ്ങാടിന്റെ ആധ്യാത്മിക പ്രഭാഷണം, തുടർന്ന് നടന്ന സാംസ്‌കാരിക സദസ്സ് ട്രസ്റ്റി ബോർഡ് ചെയർമാൻ ഒ.വി. രാജൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ബി. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. നമ്മുടെ പാരമ്പര്യ ആചാരങ്ങളും ശാസ്ത്രവും എന്ന വിഷയത്തിൽ പി.ആർ. രാമകൃഷ്ണൻ നമ്പ്യാർ പ്രഭാഷണം നടത്തി. രാത്രി ഫ്യുഷൻ, തിരുവാതിര , കൈകൊട്ടിക്കളി എന്നിവയും നടന്നു.
Post a Comment