Join News @ Iritty Whats App Group

ഷുഹൈബ് വധം ആസൂത്രിതം, മുഖ്യമന്ത്രി രാജിവെക്കുന്നത് മാന്യത; ജമാ അത്തെ ഇസ്ലാമിയെയും വിമ‍ര്‍ശിച്ച് കെ മുരളീധരൻ


കോഴിക്കോട്: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് മുതി‍‍ര്‍ന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. കോൺഗ്രസിന്റെ പരാതി അക്ഷരാ‍ര്‍ത്ഥത്തിൽ ശരിവെക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം തന്നെ നടത്തണം. ആസൂത്രിത കൊലപാതകമായിരുന്നു ഷുഹൈബിന്റേത്. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പാര്‍ട്ടി വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷുഹൈബ് വധക്കേസിലെ അന്വേഷണം പാ‍ര്‍ട്ടി നേതാക്കളിലേക്ക് എത്താതെ ഇരിക്കാനാണ് സിപിഎം ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ‍‍ര്‍എസ്എസ് - ജമാ അത്തെ ഇസ്ലാമി കൂടിക്കാഴ്ചയിലും അദ്ദേഹം വിമ‍‍ര്‍ശനം ഉന്നയിച്ചു. വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല. ആര്‍എസ്എസ് നയം മാറ്റാൻ ആര് വിചാരിച്ചാലും നടക്കില്ല. ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യം.മതേതര ശക്തികളുടെ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണ് കൂടിക്കാഴ്ചയെന്നും അദ്ദേഹം വിമ‍ര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെങ്കിൽ പുറത്തിറങ്ങേണ്ടെന്ന സന്ദേശമാണ് ജനത്തിന്. മുഖ്യമന്ത്രി ഇറങ്ങുന്നുണ്ട് സൂക്ഷിക്കുക എന്ന ബോർഡ് വയ്ക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്ത്. ലൈഫ് മിഷൻ കോഴ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണം. എങ്കിലേ സത്യം പുറത്ത് വരൂ. അല്ലെങ്കിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ അന്വേഷണം രണ്ടാം അധ്യായമായി അസാനിക്കും. മുഖ്യമന്ത്രി രാജിവെയ്ക്കുന്നതാണ് മാന്യത. ഇല്ലെങ്കിൽ നാണംകെട്ട് പുറത്ത് പോകേണ്ടി വരുമെന്നും കെ മുരളീധരൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group