ഇരിട്ടി: കോളിക്കടവ് കൂവക്കുന്നിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ജോലിക്കിടെ ഇളകിവന്ന പായ് ത്തേനീച്ചകളുടെ കുത്തേറ്റ് രണ്ട് അഗ്നിസേനാംഗങ്ങൾക്കടക്കം ആറുപേർക്ക് പരിക്കേറ്റു. റബ്ബർത്തോട്ടത്തിൽ ജോലിചെയ്യുകയായിരുന്ന സെബാസ്റ്റ്യൻ പൂമരം, ഭാര്യ മേരി, വിശ്വൻ, ജോസ്, ഇരിട്ടി അഗ്നിശമന സേനയിലെ എഫ് ആർ ഒ കെ.വി. ബിജേഷ്, എ എസ് ടി ഒ പി.പി. രാജീവൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. കൂവക്കുന്നിലെ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഇളകിവന്ന തേനീച്ചക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു. സെബാസ്റ്റ്യനാണ് ഏറ്റവുമധികം കുത്തേറ്റത്. നിരവധി തേനീച്ചകൾ പൊതിഞ്ഞ് കുത്തിയതോടെ തളർന്ന് നിലത്തുവീണ ഇദ്ദേഹത്തെ നാട്ടുകാരും സ്റ്റേഷൻ ഓഫീസർ കെ. രാജീവന്റെ നേതൃത്വത്തിൽ എത്തിയ സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച അഗ്നിശമനസേനയും ചേർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവർക്കും അഗ്നിശമന സേനാംഗങ്ങൾക്കും കുത്തേറ്റത്. ഏറെ കുത്തേറ്റ സെബാസ്റ്റ്യൻ വൈകുന്നേരത്തോടെ അപകടനില തരണം ചെയ്തു.
Post a Comment