Join News @ Iritty Whats App Group

'എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ': സുരേഷ് ​ഗോപിയെ അഭിനന്ദിച്ചുള്ള പഴയ ട്വീറ്റ് പങ്കുവച്ച് എൻ എസ് മാധവൻ


കഴിഞ്ഞ രണ്ട് ദിവസമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസം​ഗമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും സുരേഷ് ​ഗോപി ഒരു പരിപാടിക്കിടെ പറഞ്ഞിരുന്നു. ഇതാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് വിഷയത്തിൽ സുരേഷ് ​ഗോപിക്കെതിരെ രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ എഴുത്തുകാരൻ എൻ.എസ്. മാധവൻ പങ്കുവച്ച ട്വീറ്റ് ശ്രദ്ധനേടുകയാണ്. 

'എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ! I cringe unconditionally', എന്നാണ് മാധവൻ ട്വീറ്റ് ചെയ്തത്. ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ചുള്ള തന്റെ തന്നെ ട്വീറ്റ് റി- ട്വീറ്റ് ചെയ്താണ് എൻ എസ് മാധവന്റെ പ്രതികരണം. 

"സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് എതിരാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. മനുഷ്യത്വം എന്നും അദ്ദേഹത്തിൽ തിളങ്ങി നിൽക്കാറുണ്ട്. ഇപ്പോൾ തന്നെ നോക്കൂ, അദ്ദേഹമൊഴികെ മറ്റൊരു താരവും പൃഥ്വിരാജിന് പിന്തുണയുമായി എത്തിയിട്ടില്ല. അതും, സ്വന്തം പാർട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബർ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദർഭത്തിൽ. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തിൽ തുടരുമെന്ന് എനിക്ക് തോന്നുന്നില്ല"എന്നാണ് പഴയ ട്വീറ്റിൽ എൻ എസ് മാധവൻ കുറിച്ചിരുന്നത്. 


സുരേഷ് ​ഗോപിയുടെ വൈറൽ പ്രസം​ഗത്തിലെ വാക്കുകൾ

എന്‍റെ ഈശ്വരന്മാരെ സ്നേഹിച്ച് ഞാന്‍ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്നേഹിക്കുമെന്ന് പറയുമ്പോള്‍. അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ തന്നെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിന് വേണ്ടി ഈ ശ്രീകോവിലിന് മുന്നിൽ പോയി പ്രാർത്ഥിക്കും. അതു എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. എന്നാൽ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാര്‍ഗ്ഗത്തെയും നിന്ദിക്കാൻ വരുന്ന ഒരാൾ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിക്കാൻ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂടാ. ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന്… അങ്ങനെയുള്ള സംവിധാനങ്ങളെ പറഞ്ഞാൽ രാഷ്ട്രീയം സ്പൂരിക്കും. അതുകൊണ്ട് പറയുന്നില്ല. വിശ്വാസി സമൂഹത്തിന്‍റെ അതിര്‍ത്തിയില്‍ പോലും ആരും കടന്നുവന്ന് ദ്രോഹിക്കരുത്. ഞങ്ങളുടെ ലോക നന്മക്കുള്ള പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ നടത്തിക്കോളാം. അവിശ്വാസിക്കള്‍ക്കും വിശ്വാസം ധ്വംസനം ചെയ്യുന്നവരും ഇങ്ങോട്ട് നുഴഞ്ഞു കയറേണ്ട. ഇതൊക്കെ ചെറുക്കേണ്ട കാലമാണ് ഇത്.

Post a Comment

Previous Post Next Post
Join Our Whats App Group