തിരുവനന്തപുരം: റോബോട്ടിക്സും ത്രിഡി മോഡലിംഗും അടക്കമുള്ള നൂതന സാങ്കേതിക സംവിധാനങ്ങളിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് ഇടപ്പള്ളിയിലെ കൈറ്റ് മേഖലാ റിസോഴ്സ് സെന്‍ററിൽ ആരംഭിച്ചു.
റോബോട്ടിക് കിറ്റുകള്‍ ഉപയോഗിച്ച് മുഴുവന്‍ ഹൈസ്ക്കൂള്‍- ഹയര്‍ സെക്കന്‍ററി വിദ്യാർത്ഥികൾക്കും അടുത്ത വർഷം പരിശീലനം നൽകുമെന്നും പൊതുജനങ്ങൾക്കായി ഡിജിറ്റൽ സാക്ഷരതാ പരിപാടി സംഘടിപ്പിക്കുമെന്നും ക്യാമ്പ് ഉദ്ഘാടനം ചെയ്ത കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ് നിര്‍മാണം, ചേയ്സര്‍ എല്‍.ഇ.ഡി., സ്മാര്‍ട്ട് ഡോര്‍ബെല്‍, ആട്ടോമാറ്റിക് ലെവല്‍ ക്രോസ്, ലൈറ്റ് ട്രാക്കിംഗ് സോളാര്‍ പാനല്‍, മാജിക് ലൈറ്റ് തുടങ്ങിയവയുടെ നിര്‍മാണവും വിവിധ ആവശ്യങ്ങള്‍ക്ക് ഐ.ഒ.ടി. ഉപകരണങ്ങള്‍ തയ്യാറാക്കലും ക്യാമ്പിൽ നടക്കും. ത്രിഡി അനിമേഷന്‍ സോഫ്‍റ്റ്‍ വെയറായ ബ്ലെന്‍ഡര്‍ ഉള്‍പ്പെടെ പൂര്‍ണമായും സ്വതന്ത്ര സോഫ്‍റ്റ്‍ വെയര്‍ ഉപയോഗിച്ചാണ് പരിശീലനം.
ജില്ലയിലെ 199 പൊതുവിദ്യാലയങ്ങളില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കഷന്‍റെ (കൈറ്റ്) മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 6371 ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളില്‍ നിന്നും 1504 പേര്‍ സബ്‍ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നു. ഇവരില്‍ നിന്നും തിരഞ്ഞെടുത്ത 84 കുട്ടികളാണ് ഞായറാഴ്ച സമാപിക്കുന്ന ദ്വിദിന സഹവാസ ക്യാമ്പില്‍ പങ്കെടുക്കുന്നതെന്ന് കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വപ്ന ജെ നായർ അറിയിച്ചു. ജില്ലാ ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കാം.
Post a Comment