Join News @ Iritty Whats App Group

ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി


പാലക്കാട്: ഓൺലൈൻ‌ റമ്മി കളിയിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു. എലവഞ്ചേരി പനങ്ങാട്ടിരി അമ്പലപ്പറമ്പിൽ പരേതനായ ചാമിമലയുടെ മകൻ ഗിരീഷിനെയാണ് (38) ചൊവ്വാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചെറുതുരുത്തിയിലെ സ്വകാര്യ എ‍ഞ്ചിനിയറിങ് കോളേജിൽ മെക്കാനിക്കൽ വിഭാഗം ലാബ് അസിസ്റ്റന്‍റാണ് ഗിരീഷ്.

ലക്ഷ കണക്കിന് രൂപ റമ്മി കളിച്ച് ഗിരീഷിന് നഷ്ടപ്പെട്ടതായാണ് ബന്ധുക്കളിൽ നിന്ന് പൊലീസിന് ലഭിച്ച വിവരം. കോവിഡ് കാലത്തുണ്ടായ അടച്ചിടലിനിടയിലാണ് യുവാവ് ഓൺലൈൻ റമ്മിയിൽ അകപ്പെട്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. കളിമൂലമുണ്ടായ കടങ്ങൾ പലപ്പോഴായി സഹോദരങ്ങളും ഭാര്യവീട്ടുകാരും ഇടപെട്ട് തീർത്തിരുന്നു.

പണം നഷ്ടപ്പെട്ടതിനെച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായതായും ബന്ധുക്കൾ പറയുന്നു. തുടർന്ന്, ഭാര്യ വിശാഖയും രണ്ടുകുട്ടികളും തൃശ്ശൂർ മാടക്കത്തറയിലെ അവരുടെ വീട്ടിലേക്ക് പോയി. അതോടെ യുവാവ് വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒരു ബന്ധു വീട്ടിലെത്തിയപ്പോൾ വാതിലും മറ്റും അടച്ചിട്ടനിലയിൽ കണ്ടു. അടുക്കളഭാഗത്തുള്ള ജനലിലൂടെ നോക്കിയപ്പോഴാണ് ഗിരീഷിനെ തൂങ്ങിയനിലയിൽ കണ്ടത്.

മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറ‍ഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം തൂറ്റിപ്പാടം ശ്മശാനത്തിൽ സംസ്കരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group