Join News @ Iritty Whats App Group

വിദ്യാർത്ഥി നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസ് ഉടമകൾ; അല്ലെങ്കിൽ സമരമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നിരക്ക് വർധനയാവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യം. സർക്കാർ വഴങ്ങിയില്ലെങ്കിൽ സമരം വേണ്ടി വരുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. 

ഡീസൽ വില വർദ്ധനവ് അംഗീകരിക്കാകില്ല. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധനവ് ഉൾപ്പെടെ യാത്ര നിരക്ക് അടിയന്തരമായി വർദ്ധിപ്പിക്കാത്ത പക്ഷം സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ കഴിയില്ലെന്നും ഓൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ വ്യക്തമാക്കി. 

ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെ വലിയ വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഇന്ധന വിലയെന്ന എരിതീയിലേക്ക് രണ്ട് രൂപ സെസ് കൂടി ഈടാക്കി എണ്ണയൊഴിക്കുമ്പോൾ പൊള്ളുന്നത് സാധാരണക്കാർക്കാണ്. ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതി വരുമെന്നാണ് ഓട്ടോ തൊഴിലാളികളടക്കം പറയുന്നത്. 

ഇതിനോടകം തന്നെ വിവാദമാണ് സംസ്ഥാനത്തെ ഇന്ധനത്തിലെ നികുതി ഘടന. ഒരു ലിറ്റർ പെട്രോളിന് കേന്ദ്രം ഈടാക്കുന്നത് 19 രൂപയാണ് എന്നാൽ സംസ്ഥാനം ഈടാക്കുന്നത് 30 ശതമാനം തുകയാണ്. ഇത് ഏകദേശം 25 രൂപ വരും. ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ അഡീഷണൽ ടാക്സും റോഡ് സെസ് എന്ന പേരിൽ കിഫ്ബി വായ്പാ തിരിച്ചടവിന് ഒരു ശതമാനവും ഈടാക്കുന്നു.ഇതിനൊപ്പമാണ് ഇനി മുതൽ സാമൂഹ്യ സുരക്ഷാ സെസ് എന്ന പേരിൽ രണ്ട് രൂപ കൂടി അധികം ഈടാക്കുന്നത്. ഇതോടെ വാറ്റിന് പുറമെ സംസ്ഥാനത്തിന്‍റെ സെസ് മാത്രം മൂന്നര രൂപയോളമാകും. ഡീസലിന് 22.76 ശതമാനമാണ് നികുതിയായി പിരിക്കുന്നത് ഇതിനൊപ്പം ഒരു രൂപ അധിക നികുതിയും ഒരു ശതമാനം റോഡ് സെസ്സും പിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group