Join News @ Iritty Whats App Group

വില്ലേജ് ഓഫീസർമാ‌ർക്ക് ഇനി ഔദ്യോഗിക വാഹനം; മൂന്ന് പേർക്ക് ഒരു ഇലക്ട്രിക് കാർ അനുവദിക്കണമെന്ന് ശുപാർശ

തിരുവനന്തപുരം: വില്ലേജ് ഓഫീസർമാർക്ക് ഔദ്യോഗിക വാഹനം അനുവദിക്കണമെന്ന് വ്യാഴാഴ്ച ചേർന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗം സർക്കാരിനോട് ശുപാർശ ചെയ്തു. മൂന്ന് വില്ലേജ് ഓഫീസുകൾക്ക് ഒന്ന് എന്ന കണക്കിൽ ഇലക്ട്രിക് കാർ നൽകാനാണ് ശുപാർശ നൽകിയത്. ആഴ്ചയിൽ രണ്ട് ദിവസം ഒരു വില്ലേജ് ഓഫീസർക്ക് എന്ന കണക്കിൽ. തഹസീൽദാർ വരെയുള്ള ഉദ്യോഗസ്ഥർക്കാണ് ഔദ്യോഗിക വാഹനം ഇപ്പോഴുള്ളത്.

നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സർക്കാരിനും പ്ലാനിംഗ് ബോർഡിനും ശുപാർശ നൽകിയെങ്കിലും സാമ്പത്തിക പരാധീനത കാട്ടി ഫയൽ മടക്കുകയായിരുന്നു. 1666 വില്ലേജ് ഓഫീസുകളാണ് സംസ്ഥാനത്തുള്ളത്. കോമ്പൻസേറ്ററി അലവൻസായി വില്ലേജ് ഓഫീസർമാർക്ക് കിട്ടിയിരുന്ന 130 രൂപ കഴിഞ്ഞ ശമ്പള പരിഷ്കരണ വേളയിൽ 1500 ആക്കിയെങ്കിലും അപര്യാപ്തമാണ്. കെട്ടിക്കിടന്ന വസ്തു തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാനുള്ള നടപടികൾ തുടങ്ങിയപ്പോഴാണ് വാഹനങ്ങളുടെ അത്യാവശ്യം വ്യക്തമായത്

വസ്തു തരംമാറ്റത്തിനുള്ള പ്രത്യേക തീർപ്പാക്കൽ പദ്ധതിക്ക് 350 വാഹനങ്ങൾ ആറു മാസത്തേക്ക് വാടകയ്ക്ക് എടുക്കുകയായിരുന്നു. റവന്യുറിക്കവറി- ബാങ്ക് വായ്പ, നികുതി, വൈദ്യുതി ബിൽ തുടങ്ങിയവ കുടിശിക ആയാൽ റിക്കവറി നടത്തി പണം ഈടാക്കേണ്ടത് വില്ലേജ് ഓഫീസറാണ്. ചില മാസങ്ങളിൽ ടാർജറ്രുമുണ്ട്. നോട്ടീസ് പതിക്കാനും റിക്കവറി നടത്താനുമായി ഒരേ സ്ഥലത്ത് പലതവണ പോകേണ്ടിവരും.

കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതി, കെട്ടിടം അളന്ന് താലൂക്കിലേക്ക് റിപ്പോർട്ട് നൽകണം, വസ്തുതരംമാറ്റം, വെള്ളക്കെട്ട് പരിശോധന, അതിർത്തി തർക്കങ്ങൾ, ക്രിമിനൽ കേസുകളിൽ പൊലീസിന് സംഭവം നടന്ന സ്ഥലത്തിന്റെ സ്ക്രീൻപ്ളാൻ വരച്ചുനൽകുക, എക്സൈസ് വ്യാജമദ്യമോ വാറ്റോ പിടികൂടിയാൽ സ്ഥലത്തിന്റെ സീൻ വരച്ചുനൽകുക, പോക്സോ കേസുകളിൽ സ്ഥലത്തിന്റെ സീൻ റിപ്പോർട്ട് വരച്ചുകൊടുക്കുക എന്നിവയെല്ലാം വില്ലേജ് ഓഫീസ‌മാരുടെ ചുമതലകളാണ്. പൊലീസ്, എക്സൈസ് കേസുകളിൽ കോടതിയിൽ സാക്ഷി പറയാനും പോകണം. കോടതിയിൽ നിന്നുള്ള ഡ്യൂട്ടി സർട്ടിഫിക്കറ്റ് മാത്രമാണ് ഇതിന് കിട്ടുന്ന പ്രതിഫലം.

Post a Comment

Previous Post Next Post
Join Our Whats App Group