Join News @ Iritty Whats App Group

കോടതി ഉത്തരവ് പ്രാദേശിക ഭാഷയിൽ; മലയാളത്തിൽ വിധി എഴുതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്



കൊച്ചി: കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള ചരിത്ര തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് മലയാളത്തിൽ കോടതിവിധി എഴുതിയത്. രണ്ടു ഉത്തരവുകളാണ് പരീക്ഷണ അടിസ്ഥാനത്തിൽ മലയാളത്തിൽ പുറത്തിറക്കിയത്. രാജ്യത്തെ ഹൈക്കോടതികളിൽ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി.

ചീഫ് ജസ്‌റ്റിസ്‌ എം മണികുമാർ, ജസ്റ്റിസ്‌ ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവാണ് മലയാളത്തിലാക്കി ഹൈക്കോടതി വെബ്സൈറ്റിൽ ആദ്യം അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്‌. വാഹന വായ്‌പ, കൂടരഞ്ഞി പഞ്ചായത്തിലെ ചെക്ക് ഡാം നിർമാണവുമായി ബന്ധപ്പെട്ട കേസുകളിലാണ് മലയാളത്തിൽ പ്രസിദ്ധീകരിച്ച ഉത്തരവുകൾ.

നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് മലയാള പരിഭാഷ തയാറാക്കുന്നത്. അതുകൊണ്ടുതന്നെ മലയാളി പൊതുസമൂഹം സാധാരണ ജീവിതത്തിൽ ഉപയോഗിക്കാത്ത, മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ചില പദപ്രയോഗങ്ങളും വാക്കുകളും ഉത്തരവിൽ കടന്നുകൂടിയിട്ടുണ്ട്. പകർപ്പുകൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് ഒത്തുനോക്കി പരിശോധിക്കുന്നുണ്ട്.

ഇംഗ്ലീഷ് ഭാഷയിൽ നിന്ന് തർജമ ചെയ്യുന്നതിനാൽ ചിലയിടങ്ങളിലൊക്കെ ഒരൊറ്റ സെന്റൻസ് വലിയൊരു പാരഗ്രാഫാണ്. അതേസമയം, ഉത്തരവ് മലയാളത്തിൽ പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമസാധുതയെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്‌.

കോടതി ഉത്തരവുകൾ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശിക ഭാഷയിൽ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ് അടുത്തിടെ നിരീക്ഷിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായി കേരളാ ഹൈക്കോടതിയാണ് ഈ മാറ്റം അംഗീകരിച്ചു രണ്ടു ഉത്തരവുകൾ മലയാളത്തിലാക്കി പുറത്തിറക്കിയത്. കോടതി വിധിന്യായങ്ങൾ വായിച്ചു മനസിലാക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. ഇതിനൊരു പരിഹാരം എന്ന നിലയ്‌ക്കാണ്‌ ഉത്തരവുകൾ പ്രാദേശിക ഭാഷയിൽ പ്രസിദ്ധീകരിക്കുന്നത്.

ഓരോ വർഷവും ഒരു ലക്ഷം കേസുകൾ വരെ കേരള ഹൈക്കോടതിയിൽ തീർപ്പാക്കപ്പെടുന്നു. ഹൈക്കോടതി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മുൻ ഉത്തരവുകൾ വിവർത്തനം ചെയ്യുക എന്ന മഹത്തായ ജോലിയും ഏറ്റെടുക്കേണ്ടതുണ്ട്, ഇതിന് കൂടുതൽ മനുഷ്യശക്തിയും ഫണ്ടും ആവശ്യമാണ്.

ഹൈക്കോടതി മുന്നോട്ടുവെച്ച പ്രചോദനപരമായ ഈ മാതൃക, വിധികൾ അവരുടെ പ്രാദേശിക ഭാഷയിൽ ലഭ്യമാകുന്നതോടെ പൗരന്മാരെ, പ്രത്യേകിച്ച് താഴേത്തട്ടിലുള്ളവരെ, ശാക്തീകരിക്കുമെന്ന് കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തു. ഭാഷാ ശാക്തീകരണത്തിലേക്കുള്ള ഈ ചരിത്രപരമായ ചുവടുവെപ്പ് നമുക്ക് ആഘോഷിക്കാം,” അദ്ദേഹം ട്വീറ്റ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group