കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെയുള്ള ഭാര്യ ഗുരുതര ആരോപണങ്ങളുന്നയിച്ചതിൽ സ്പെഷ്യൽ ബ്രാഞ്ച് പരിശോധന. അർജുൻ നടത്തിവരുന്ന സ്വർണ്ണക്കടത്ത് ക്വട്ടേഷൻ, കുഴൽപണ ഇടപാടുകൾ സംബന്ധിച്ച് പുതിയ വിവരങ്ങൾ കിട്ടുമോ എന്നാണ് അന്വേഷണം. അമല ആയങ്കിയിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. അതേസമയം ഗാർഹിക പീഡന ആരോപണം പരാതിയായി നൽകാത്തതിനാൽ കേസെടുക്കേണ്ടതില്ല എന്നാണ് പൊലീസ് വ്യക്തമാക്കിയത്.
അർജുൻ ആയങ്കിക്കും കുടുംബത്തിനുമെതിരെ ഭാര്യ അമല കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഗാർഹിക പീഡനം ഉൾപെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. നിർബന്ധിച്ച് രണ്ട് തവണ ഗർഭഛിദ്രം ചെയ്യിച്ചു, കറുത്ത നിറമായതിനാൽ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അർജുനെതിരെ അമല ഉന്നയിച്ചത്. താൻ ആത്മഹത്യ ചെയ്താൽ അതിനുത്തരവാദികൾ അർജുൻ ആയങ്കിയും കുടുംബവുമായിരിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലെത്തി അമല തുറന്നടിച്ചു. പക്ഷെ പൊലീസിൽ പരാതി നൽകിയില്ല. അതേസമയം ഫേസ്ബുക്ക് ലൈവിനിടെ അർജുൻ ആയങ്കിയുടെ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ഇടപാടുകളെ സംബന്ധിച്ചും അമല സംസാരിച്ചിരുന്നു.
ഈ വെളിപ്പെടുത്തലിന്റെ ചുവട് പിടിച്ച് അർജുനെതിരെ പുതിയ തെളിവുകൾ കിട്ടുമോ എന്ന പരിശോധനയാണ് സ്പെഷ്യൽ ബ്രാഞ്ച് നടത്തുന്നത്. നിലവിലുള്ള കേസിനെ സഹായിക്കുന്ന തരത്തിൽ അമലയിൽ നിന്ന് മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. ഗാർഹിക പീഡന ആരോപണത്തിൽ അമല പരാതി നൽകിയാൽ മാത്രം കേസെടുത്താൽ മതിയെന്നാണ് പൊലീസിന്റെ തീരുമാനം. അമലയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും ആരോപണത്തിൽ കഴമ്പില്ലെന്നുമാണ് അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Post a Comment