കണ്ണൂർ: ഇരിട്ടിയിൽ ഉത്സവ പറമ്പിൽ നടത്തിയ ലേലത്തിൽ പൂവൻ കോഴിക്ക് വില പറഞ്ഞത് 34000 രൂപ. ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര തിറയോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് കോഴിക്ക് ഇത്രയും വലിയ തുക പറഞ്ഞത്. രണ്ട് മണിക്കൂർ നീണ്ടു നിന്ന ലേലത്തിലാണ് പൂവൻ കോഴി താരമായത്.
10 രൂപയിൽ തുടങ്ങിയ ലേലം വിളി ആവേശവും വാശിയും ഏറിയതോടെ 20000ത്തിൽ എത്തി. പിന്നീടുള്ള ലേലം വിളിക്ക് സംഘാടകർ 1000 രൂപ വീതമെന്ന് നിശ്ചയിച്ചു. എന്നിട്ടും വിട്ടുകൊടുക്കാനാകാതെ വാശിയോടെ ആളുകൾ സംഘങ്ങളായി രംഗത്തെത്തുകയായിരുന്നു.
ശേഷം നടത്തിയ ലേലം വിളിയിലാണ് 34,000 രൂപയിൽ എത്തിയത്. ഈ തുകയ്ക്ക് ലേലം ഉറപ്പിക്കുകയും ചെയ്തു. ഇളന്നീർ എഫ്ബി കൂട്ടായ്മയാണ് നാലു കിലോ വരുന്ന പൂവ്വൻ കോഴിയെ 34,000 രൂപ നൽകി സ്വന്തമാക്കിയത്.
പി അശോകൻ, വി കെ സുനീഷ്, വി പി മഹേഷ്, കെ ശരത്, എം ഷിനോജ്, എം പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് ലേലം നടന്നത്. 34,000 രൂപയ്ക്ക് കോഴിയെ കിട്ടുന്നത് ആദ്യാമായിട്ടാണെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
Post a Comment