Join News @ Iritty Whats App Group

ഭര്‍ത്താവിന്‍റെ ഓര്‍മ്മയില്‍ ലക്ഷങ്ങള്‍ വിലയുള്ള ഭൂമി 3 പേര്‍ക്ക് വീട് വയ്ക്കാന്‍ നല്‍കി ജമീല ബീവിയും മക്കളും


തിരുവനന്തപുരം: ഭർത്താവിന്‍റെ ഒന്നാം ചരമ വാർഷികത്തിൽ ലക്ഷങ്ങള്‍ വില വരുന്ന ഭൂമി നിര്‍ധനരായ മൂന്ന് പേര്‍ക്ക് വീട് നിർമ്മിക്കാൻ ദാനം ചെയ്ത് അമ്മയും മക്കളും. തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സജീദ് മന്‍സിലിൽ ജമീല ബീവിയും മക്കളുമാണ് ഇരുപത് സെന്‍റ് ഭൂമി നിര്‍ധനര്‍ക്ക് നല്‍കി മാതൃകയാകുന്നത്. ജമീല ബീവിയുടെ ഭര്‍ത്താവിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഭൂമി ദാനം ചെയ്തത്. 

ഭൂമി ദാനം ലഭിച്ചവർ സ്ഥലത്ത് വീട് പണി തുടങ്ങുമ്പോള്‍ ഒരോ ലക്ഷം രൂപ വീതം നല്‍കുമെന്നും ജമീല ബീവി പറഞ്ഞു. ജമീല ബീവിയുടെ ഭർത്താവ് കബീര്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പത്തൊന്‍പതിനാണ് മരണമടഞ്ഞത്. മരിക്കും മുൻപ് പോത്തൻകോട് കല്ലുവെട്ടിയിൽ കബീറിൻ്റെ പേരിലുള്ള 25 സെൻ്റ് സ്ഥലത്ത് നിന്ന് അഞ്ചുസെൻറ് ഭൂമി കബീർ മഞ്ഞമല സ്വദേശി നൂറുദ്ദീന് ദാനം നൽകിയിരുന്നു. 

ബാക്കിയുണ്ടായിരുന്ന 20 സെൻ്റ് സ്ഥലമാണ് ഇപ്പോള്‍ 3 കുടുംബത്തിനായി നൽകിയിരിക്കുന്നത്. കബീറിൻ്റെ നന്മ അതെ മാതൃകയിൽ തന്നെ പിന്തുടരാൻ ഭാര്യ ജമീല ബീവിയും മക്കളായ സജീന, സമീർ, സഫീന, സജീദ് എന്നിവർ തീരുമാനിക്കുകയായിരുന്നു. ചാല സ്വദേശിനിയായ റിനു സുരേന്ദ്രന്‍, പോത്തന്‍കോട് സ്വദേശിനി ഷൈനി, പേരൂര്‍ക്കട സ്വദേശിനി സബീന എന്നിവര്‍ക്കാണ് ഭൂമി നല്‍കിയത്. ഇവർ ഇവിടെ വീട് പണി തുടങ്ങിയാല്‍ ഓരോ ലക്ഷം രൂപവീതം നല്‍കുമെന്നും ജമീല ബീവി പറഞ്ഞു. 

നേരത്തെ മകളെ പുതിയ ഒരു ജീവിതത്തിലേക്ക് കൈപിടിച്ച് നൽകുമ്പോൾ ഭവനരഹിതരായ മൂന്ന് പേർക്ക് കൂടി ജീവിതം നൽകി തിരുവനന്തപുരത്ത് പഞ്ചായത്ത് അംഗം മാതൃകയായിരുന്നു. കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ മഞ്ചാടിമൂട് വാർഡ് അംഗം മൈലക്കര ആർ. വിജയനും ഭാര്യ വെള്ളറട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായ ആർ. ഹേമലതയുമാണ് മകളുടെ സന്തോഷത്തിന് ഒപ്പം മൂന്ന് കുടുംബത്തിന് കൂടെ സന്തോഷം പകരുന്നുന്നത്. രണ്ടാമത്തെ മകൾ അശ്വനി കതിർമണ്ഡപത്തിൽ കയറുന്നതിന് മുൻപ് തന്നെ ഭൂമിയില്ലാത്ത അർഹരായ മൂന്ന് പേരെ കണ്ടെത്തി 10 സെന്റ് വസ്തു മൂന്ന് പേർക്കായി രജിസ്ട്രേഷൻ ചെയ്തു നൽകി കഴിഞ്ഞു ഈ ദമ്പതികൾ. അതെ സമയം വഴിക്ക് വേണ്ടി ഒരു സെന്റ് കൂടി ആവശ്യമുണ്ടെന്ന് മനസ്സിലാക്കി, സമീപവാസിയായ ഒരാൾ ഒരു സെന്റ് വസ്തുവും കൂടി വിട്ടുനൽകി. ഇതോടെ വസ്തു നൽകിയ മൂന്ന് പേർക്കും സ്വന്തം ഭൂമിയിൽ ഇനി വീട് നിർമ്മിക്കാം.

Post a Comment

Previous Post Next Post
Join Our Whats App Group