Join News @ Iritty Whats App Group

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി; പുറത്തിറങ്ങുന്നത് 28 മാസത്തെ ജയിൽ വാസത്തിനു ശേഷം


ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ 27 മാസത്തെ ജയിൽ വാസത്തിനു ശേഷം ജയിൽ മോചിതനായി. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ മോചനം. പുറത്തിറങ്ങിയ സിദ്ദീഖ് കാപ്പൻ മാധ്യമപ്രവർത്തകരോടും പൊതുസമൂഹത്തോടും നന്ദിയറിയിച്ചു.

‘കൂടെയുള്ള പലരും ഇപ്പോഴും കള്ളക്കേസിൽ ജയിലിലാണ്. എന്റെ കൂടെ അറസ്റ്റിലായിവരിൽ ഞാനും കൂടെയുണ്ടായിരുന്ന ഡ്രൈവറും മാത്രമാണ് പുറത്തുവന്നത്. 28 മാസത്തിനു ശേഷമാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്. 28 മാസം ഞാൻ ജയിലിൽ കിടന്നു. പൂർണ‌മായും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയായിരുന്നു.’- സിദ്ദീഖ് കാപ്പൻ പ്രതികരിച്ചു.

ലഖ്നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ ഇനി ഡൽഹിയിലേക്ക് പോകും. അതിന് ശേഷം ആറ് ആഴ്ചക്ക് ശേഷമാകും കേരളത്തിലേക്ക് മടങ്ങുക.

യു പി പൊലീസും ഇ ഡിയും ചുമത്തിയ കേസുകളിലെല്ലാം കാപ്പന് ജാമ്യം ലഭിച്ചിരുന്നു. ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ കാപ്പനെതിരെ യുഎപിഎ ഉൾപ്പെടുത്തിയ കേസിൽ നേരത്തെ തന്നെ സുപ്രീം കോടതി ജാമ്യം നൽകിയിരുന്നതാണ്. ഇ ഡി ചുമത്തിയ കേസിൽ ജാമ്യം ലഭിക്കാത്തതായിരുന്നു പുറത്തിറങ്ങാൻ തടസം.

ക്രിസ്മസ് അവധിക്ക് തൊട്ടു മുൻപ്, അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ഇഡി കേസിലും കാപ്പനു ജാമ്യം നൽകിയെങ്കിലും നടപടിക്രമം നീണ്ടതു മോചനം വൈകിപ്പിച്ചു. യു പി പൊലീസിന്റെ വെരിഫിക്കേഷൻ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. ഇ ഡിയുടേതു കൂടി പൂർത്തിയായതോടെ റിലീസിങ് ഓർഡർ ജയിലിലെത്തി.

ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബറിലാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലായത്. കാപ്പന്റെ അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാനായില്ലെന്നാണ് ഇ ഡി രജിസ്റ്റർ ചെയ്ത കേസ്. പോപ്പുലർ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹത്രസിൽ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമായിരുന്നു ഇ ഡി വാദിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group