കണ്ണൂർ: കണ്ണൂരിൽ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മരിച്ച റിയയുടെ സഹപാഠി. മഷി ഡെസ്കിലും ചുമരിലും ആയതിനാൽ അധ്യാപിക ശകാരിച്ചുവെന്നും പിഴയായി 25000 രൂപ ആവശ്യപ്പെട്ടെന്നും പെൺകുട്ടി പറയുന്നു. റിയയുടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗത്വം റദ്ദാക്കുമെന്ന് പറഞ്ഞുവെന്നും ഇതിൽ മനം നൊന്ത് കരഞ്ഞുകൊണ്ടാണ് റിയ വീട്ടിലേക്ക് പോയതെന്നും സഹപാഠി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചില്ല. കേസിൽ റിയയുടെ ആത്മഹത്യാ കുറിപ്പിൽ പേരുള്ള അധ്യാപികയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പെരളശ്ശേരി എ കെ ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാംക്ലാസുകാരി റിയ പ്രവീണിനെ അധ്യാപിക ശകാരിച്ചത്. പെന്നിലെ മഷി ഡെസ്കിലും ചുരവിലും തേച്ചതായിരുന്നു കാരണം. പെന്നിൽ നിന്നും കയ്യിലേക്ക് പടർന്നപ്പോൾ അറിയാതെ പറ്റിയതാണെന്ന് കുട്ടി പറഞ്ഞുവെങ്കിലും അധ്യാപിക ശകാരം നിർത്തിയില്ല. രക്ഷിതാക്കളെ വിളിച്ചാൽ മാത്രമേ ക്ലാസിൽ കയറ്റൂവെന്ന് അധ്യാപിക പറഞ്ഞതോടെ കുട്ടി സമ്മർദ്ദത്തിലായി.
വൈകീട്ട് വീട്ടിലെത്തിയ എട്ടാം ക്ലാസുകാരി അധ്യാപികയുടെയും സഹപാഠിയുടെയും പേരെഴുതി വെച്ച് കിടപ്പുമുറിയിലെ ജനലിൽ ഷാൾ കുരുക്കി ആത്മഹ്യ ചെയ്യുകയായിരുന്നു. ഐവർമഠം സ്വപ്നക്കൂട് വീട്ടിൽ പ്രവീണിന്റെ മകളായ പതിമൂന്ന് കാരി പഠനത്തിൽ മിടുക്കിയായിരുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കൂടിയായ കുട്ടിയുടെ ആത്മഹത്യയുടെ നടുക്കത്തിലാണ് കുടുംബവും നാട്ടുകാരും. അധ്യാപികയുടെ മൊഴിയെടുത്ത ശേഷം കേസ് വിശദമായി അന്വേഷിക്കുമെന്ന് ചക്കരക്കൽ പൊലീസ് അറിയിച്ചു.
Post a Comment