Join News @ Iritty Whats App Group

ചുമട്ട് തൊഴിലാളി കൂട്ടായ്മയില്‍ നിര്‍ധന കുടുംബത്തിന് വീട്19 ന് മന്ത്രി റോഷി അഗസ്റ്റിന്‍ താക്കോല്‍ ദാനം നടത്തും.



എടൂര്‍: എടൂരിലെ ചുമട്ട് തൊഴിലാളി കൂട്ടായ്മയില്‍ നിര്‍ധന കുടുംബത്തിന് വീടൊരുങ്ങി. 19 ന് 4 ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ താക്കോല്‍ ദാനം നടത്തും. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, എടൂര്‍ സെന്റ് മേരീസ് ഫൊറോന വികാരി ഫാ.തോമസ് വടക്കേമുറിയില്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ടൗണ്‍ പരിസരത്ത് ബിരുദ വിദ്യാര്‍ഥിനിയായ മകള്‍ ഉള്‍പ്പെടെ ഒറ്റമുറിയില്‍ കഴിയുന്ന കുടുംബത്തിന്റെ ദുരിത സാഹചര്യം മനസിലാക്കിയ തൊഴിലാളികള്‍ ഈ കുടുംബത്തിന് സ്വന്തമായി വീട് പണിത് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ മനുഷ്യാദ്ധ്വാനവും സാധ്യമായ സാമ്പത്തിക പങ്കാളിത്തവും സുമനസുകളില്‍ നിന്ന് സമാഹരിക്കുന്ന തുകയും ഉപയോഗപ്പെടുത്തി 9 ലക്ഷം രൂപയോളം ചെലവിട്ടാണ് വീട് പൂര്‍ത്തീകരിച്ചത്.
ഐഎന്‍ടിയുസി, സിഐടിയു യൂണിയനുകളിലായി എടൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ചുമട്ട് തൊഴിലാളികളായ ഫ്രാന്‍സീസ് കുറ്റിക്കാട്ടില്‍ (ആറളം പഞ്ചായത്ത് അംഗം), ജോയി ചെറുവേലില്‍, മനോജ് കണ്ണമ്പ്രായില്‍, കുര്യാച്ചന്‍ ആനപ്പാറ, ജോസഫ് മുരിയംകരി, ഷാജി മുരിയങ്കരി, കുട്ടിയച്ചന്‍ മുരിയങ്കരി, ഫിലിപ്പ് മുരിയങ്കരി, തോമസ് മുരിയങ്കരി, ജോമി മുരിയങ്കരി, സിജോ ആനപ്പാറ, ബിനോയി പുല്ലുവട്ടം, എം.സുധീഷ്, ഷിജു ഐ. പോള്‍ ഇരുമല, എന്നിവരുടെ നേതൃത്വത്തിലാണ് വീട് പണിതത്. ഏകോപനത്തിനായി റിട്ട.എസ്‌ഐ പി.വി.ജോസഫ് പാരിക്കാപ്പള്ളി ചെയര്‍മാനും വിപിന്‍ തോമസ് കണ്‍വീനറും റിട്ട.എസ്.ഐ സിറിയക് പാറയ്ക്കല്‍ ട്രഷററുമായി പ്രവര്‍ത്തിച്ചിരുന്നു.
ചുമട്ട് തൊഴിലാളികള്‍ രാഷ്ട്രീയ, മത ചിന്തകള്‍ക്കതീതമായി കൈകോര്‍ത്ത് നിര്‍ധന കുടുംബത്തിന് അഞ്ച് മാസം കൊണ്ടാണ് വീട് പണിതത്.

Post a Comment

Previous Post Next Post
Join Our Whats App Group