Join News @ Iritty Whats App Group

പ്രളയ പുനരധിവാസ ഭവന പദ്ധതി;കിളിയന്തറയിൽ 15 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു



ഇരിട്ടി: അഞ്ചുവർഷം മുൻപുണ്ടായ ശക്തമായ മഴയിലും പ്രളയത്തിലും മാക്കൂട്ടം പുഴത്തീരത്ത് തകർന്ന 15 കുടുംബങ്ങളുടെ വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. പായം പഞ്ചായത്തിലെ കിളിയന്തറയിൽ റവന്യൂ വകുപ്പ് വാങ്ങിയ ഒരേക്കർ സ്ഥലത്താണ് പ്രളയ പുനരധിവാസ ഭവന നിർമ്മാണ പദ്ധതി പ്രകാരം വീടുകളുടെ നിർമ്മാണപ്രവർത്തി ഊർജ്ജിതമായി നടക്കുന്നത്.  
2019 മാർച്ച് രണ്ടിനാണ് അന്ന് മന്ത്രിയായിരുന്ന ഇ. പി. ജയരാജൻ വീടുകളുടെ നിർമ്മാണത്തിന് ശില ഇട്ടത്. മഹാരാഷ്ട്രയിലെ ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനിയാണ് സർക്കാറിന്റെ അഭ്യർത്ഥന സ്വീകരിച്ച് വീട് നിർമ്മാണ ചുമതല ഏറ്റെടുത്തിരുന്നത്. ശിലാസ്ഥാപനം നാലുവർഷം മുമ്പ് നടത്തിയെങ്കിലും ഭവന പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം ചെങ്കുത്തായ കുന്നിൻ പ്രദേശമായതിനാൽ പ്രകൃതിക്ഷോഭത്തിൽ തകരാത്ത വിധം ഇവിടെ ഭവന പദ്ധതി നടപ്പിലാക്കുന്നതിനായി വിവിധ വകുപ്പുകളുടെ പരിശോധനയും രൂപകല്പനയും വേണ്ടിവന്നു. ഇത് കാലതാമസത്തിനിടയാക്കി. വിദഗ്ധ എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ മൂന്ന് തട്ടായി തിരിച്ച് കൂറ്റൻ കോൺക്രീറ്റ് ഭിത്തി കൊണ്ട് സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമാണ് വീടുകൾ നിർമ്മിക്കുവാൻ സ്ഥലം തരപ്പെടുത്തി എടുത്തത്. 
 5 സെൻറ് വീതമുള്ള ഫ്ലോട്ടുകളിൽ 7 ലക്ഷത്തിന്റെ വീടുകൾ പണിയാനാണ് നേരത്തെ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇപ്പോൾ 5 കോടിയോളം രൂപ ഭവന പദ്ധതി പൂർത്തിയാകുമ്പോൾ ചെലവാകുമെന്ന് കമ്പനി പ്രതിനിധികളും അറിയിച്ചു. ഏപ്രിൽ മാസത്തോടുകൂടി നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, വൈസ് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ എന്നിവർ പറഞ്ഞു. പ്രളയത്തിൽ സർവ്വതും തകർന്ന കുടുംബങ്ങൾക്ക് അന്ന് വാടക വീട് ലഭ്യമാക്കി റവന്യൂ വകുപ്പ് വാടക നൽകി അവരെ പുനരധിവസിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് വാടക നൽകാതായതോടുകൂടി കുടുംബങ്ങൾ സ്വന്തം ചെലവിലാണ് വാടക നൽകി ദുരിത ജീവിതം നയിക്കുന്നത്. ഇതിൽ അർബുദ രോഗി ഉൾപ്പെടെയുള്ള കുടുംബവും ഉണ്ട്. പുതിയ വീട് ലഭിക്കുന്നതിനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

Post a Comment

Previous Post Next Post
Join Our Whats App Group