Join News @ Iritty Whats App Group

നാളെ മുതൽ 100 ദിന കർമ പദ്ധതി; മുഖ്യമന്ത്രി പ്രഖ്യാപിച്ചത് 15,896.03 കോടിയുടെ പദ്ധതികൾ

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് 100 ദിന കർമ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുതല്‍ ഒന്നാം കര്‍മ്മ പദ്ധതി ആരംഭിക്കും. 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികൾ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

തുടര്‍വിജയം നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ് ഈ മെയ് ഇരുപതിന് രണ്ടു വര്‍ഷം പൂര്‍ത്തിയാവുകയാണ്. പ്രകടന പത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്ഥായിയായ വികസന മാതൃക യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുകയാണ്.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തി പ്രത്യേക നൂറുദിന കര്‍മ്മപരിപാടി ആവിഷ്കരിക്കാനും കഴിഞ്ഞു. രണ്ട് നൂറുദിന കര്‍മ്മപരിപാടികളാണ് ഒന്നേ മുക്കാല്‍
വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയത്.

മുഖ്യമന്ത്രി പറഞ്ഞത്… 

രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാമത്തെ നൂറു ദിന കര്‍മ്മപരിപാടി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. നാളെ (ഫെബ്രുവരി 10) മുതല്‍ 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും.
സംസ്ഥാന പുരോഗതിക്ക് ഗതിവേഗം കൂട്ടുന്ന അനേകം പദ്ധതികളാണ് ഇതിലൂടെ യാഥാര്‍ഥ്യമാകുക.
ആകെ 1284 പ്രോജക്റ്റുകള്‍ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15896.03 കോടി രൂപ അടങ്കലും 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയില്‍ ലക്ഷ്യമിടുന്നു.
 ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂര്‍ത്തീകരണം നൂറുദിന പരിപാടിയില്‍ ലക്ഷ്യമിടുന്നു.
മെയ് 17 ന് കുടുംബശ്രീ സ്ഥാപക ദിനം ആചരിക്കുന്നതാണ്. കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കും.
പച്ചക്കറി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് അത്യുല്‍പ്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉല്‍പ്പാദനവും വിതരണവും ആരംഭിക്കും. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി വയനാട് സെന്‍റര്‍ ഓഫ് എക്സലന്‍സ് കാര്‍ഷിക വികസനത്തിന്‍റെ ഭാഗമായി നടപ്പിലാക്കും.
പുനഗര്‍ഗേഹം പദ്ധതിയുടെ ഭാഗമായി മുട്ടത്തറയില്‍ 400 വീടുകളുടെ ശിലാസ്ഥാപനത്തോടുകൂടിയാണ് നൂറുദിന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തുന്നത്. നൂറുദിനങ്ങളില്‍ പുനര്‍ഗേഹം പദ്ധതി പ്രകാരം വിവിധ ജില്ലകളില്‍ ആയിരത്തോളം ഭവനങ്ങളുടെ താക്കോല്‍ദാനവും നടത്തുന്നതാണ്.
സഹകരണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 500 ഏക്കര്‍ തരിശുഭൂമിയില്‍ 7 ജില്ലകളില്‍ ഒരു ജില്ലക്ക് ഒരു വിള അനുയോജ്യമായ പദ്ധതി നടപ്പാക്കുന്നതാണ്.
ഫ്ളോട്ടിംഗ് സോളാര്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനായി ഏകജാലക അനുമതി സംവിധാനം ഏര്‍പ്പെടുത്തും.
ബ്രഹ്മപുരം സൗരോര്‍ജജ പ്ലാന്‍റിന്‍റെ ഉദ്ഘാടനവും നടത്തും. 2.75 മെഗാവട്ട് വൈദ്യുതി ഉല്‍പ്പാദനശേഷിയുള്ള പദ്ധതിയാണിത്.
പാലക്കാട് ജില്ലയിലെ നടുപ്പതി ആദിവാസി ആവാസ മേഖലകളില്‍ വിദൂര ആദിവാസി കോളനികളിലെ മൈക്രോ ഗ്രിഡ് പദ്ധതി ഉദ്ഘാടനം ചെയ്യും.
വ്യവസായ വകുപ്പിന്‍റെ പദ്ധതിയായ ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
ജലവിഭവ വകുപ്പ് 1879.89 കോടിയുടെയും, പൊതുമരാമത്ത് വകുപ്പില്‍ 2610.56 കോടിയുടെയും, വൈദ്യുതി വകുപ്പില്‍ 1981.13 കോടിയുടെയും, തദ്ദേശസ്വയംഭരണ വകുപ്പ് 1595.11 കോടിയുടെയും അടങ്കലുള്ള പരിപാടികളാണ് നടപ്പിലാക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group