Join News @ Iritty Whats App Group

പൾസ് നോക്കാൻ വിലങ്ങഴിച്ചു, പൊലീസിനെ തള്ളിമാറ്റി ഓടി പോക്സോ കേസ് പ്രതി; പെട്ടത് ക്യാമറാമാന് മുന്നിൽ, കീഴടക്കി


കാസർകോട്: പൊലീസിനെ തള്ളിമാറ്റി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പോക്സോ കേസിലെ പ്രതിയെ മാധ്യമ പ്രവര്‍ത്തകൻ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ് കാസർകോട് ബ്യൂറോയിലെ ക്യാമറാമാന്‍ സുനില്‍കുമാറാണ് പുറകേ ഓടി പ്രതിയെ കീഴ്പ്പെടുത്തിയത്. വിദ്യാനഗര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതിയായ മധൂര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ കലന്തർ എന്ന കലന്തര്‍ ഷാഫിയാണ് രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. സുനില്‍കുമാറിന്‍റെ സമയോചിതമായ ഇടപെടലാണ് പ്രതിയുടെ രക്ഷപ്പെടാനുള്ള ശ്രമത്തെ തകര്‍ത്തത്.

'കേരള സർക്കാർ നയം ഹൈക്കോടതിയിൽ ചോദ്യം ചെയ്യൂ'; 500 ഒഴിവിൽ പ്രത്യേക കൗൺസിലിംഗ് ആവശ്യം തള്ളി സുപ്രീംകോടതി

പൊലീസിനെ വെട്ടിച്ച് ഓട്ടം; പെട്ടത് ക്യാമറാമാന് മുന്നില്‍

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടരയ്ക്ക് ഷാഫിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങള്‍. ഇരുകൈയിലും വിലങ്ങ് വച്ചാണ് പൊലീസുകാര്‍ ഇയാളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്. പള്‍സ് നോക്കണമെന്നും ഒരു കൈയിലെ വിലങ്ങ് അഴിക്കണമെന്നും പരിശോധനയ്ക്കിടെ ഡോക്ടര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഒരു കൈയിലെ വിലങ്ങ് അഴിച്ചതേ ഓര്‍മ്മയുള്ളൂ. കൂടെയുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ തള്ളിമാറ്റി പ്രതി ഒറ്റ ഓട്ടം. പൊലീസുകാര്‍ പിന്നാലെയും. ആശുപത്രി ഗേറ്റിന് സമീപം വച്ചാണ് വിലങ്ങുമായി ഓടുന്നയാളെ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സുനില്‍കുമാര്‍ കാണുന്നത്. ഉടന്‍ പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും ഷാഫി കുതറിമാറി പ്രധാന റോഡിലേക്കോടി. പുറകെ ഓടി സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. പിന്നാലെ എത്തിയ പൊലീസ് യുവാവിനെ കൈവിലങ്ങ് അണിയിച്ചതോടെ ഇയാളുടെ പരാക്രമം അവസാനിച്ചു. പ്രതിയുമായുള്ള മല്‍പ്പിടുത്തതിനിടെ കൈവിലങ്ങ് കൊണ്ട് സുനിലിന് നേരിയ പരിക്കേറ്റു. പ്രതിയെ പിടിക്കാനുള്ള ഓട്ടത്തിനിടയില്‍ സുനിലിന്‍റെ മൊബൈല്‍ ഫോണ്‍ നിലത്ത് വീണ് പൊട്ടി.

തട്ടിക്കൊണ്ട് പോയത് നാല് മാസം മുമ്പ്

17 വയസുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ട് പോയി രഹസ്യ കേന്ദ്രത്തില്‍ വച്ച് മാസങ്ങളോളം പീഡിപ്പിച്ചുവെന്നാണ് 28 കാരനായ ഷാഫിക്ക് എതിരേയുള്ള കേസ്. നാല് മാസം മുമ്പാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ കൊണ്ട് പോയാണ് പീഡിപ്പിച്ചത്. ഇയാള്‍ക്കായി പൊലീസ് പലയിടങ്ങളിലും പരിശോധന നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒളിവില്‍ കഴിയുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇയാളെ കണ്ടെത്താന്‍ പൊലീസിനായില്ല. ഇതോടെ സാമൂഹിക മാധ്യമങ്ങള്‍ ഇയാളുടെ ചിത്രം പ്രസിദ്ധീകരിച്ച് വിവരം നല്‍കാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ മലയാളികള്‍ നല്‍കിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ പി പ്രമോദിന്‍റെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയിലെ ബല്‍ത്തങ്ങാടിയില്‍ എത്തി പ്രതിയേയും പെണ്‍കുട്ടിയേയും കസ്റ്റഡിയില്‍ എടുത്തത്. ഇവിടെ ഒരു വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുകയായിരുന്നു ഇയാളും പെണ്‍കുട്ടിയും. ഷാഫിയെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങള്‍.

രക്തബാങ്കിലെത്തി; പ്രതിയെ കീഴ്പ്പെടുത്തി

ആശുപത്രിയില്‍ ഉള്ള ഒരു ബന്ധുവിന് രക്തം ആവശ്യമായതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സുനില്‍കുമാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിയത്. രക്തബാങ്കിന് സമീപം ഫോണില്‍ സംസാരിച്ച് നില്ക്കുന്നതിനിടെയാണ് ഒരു കൈയില്‍ വിലങ്ങുമായി ഓടുന്ന ആള്‍ക്ക് പുറകേ പൊലീസുകാരെ കണ്ടത്. പ്രശ്നം പന്തിയല്ലെന്നു മനസിലാക്കിയ സുനില്‍, പ്രതിയെ ആദ്യം ചവിട്ട് വീഴ്ത്തി. പക്ഷേ അവിടെ നിന്ന് ഷാഫി വീണ്ടും രക്ഷപ്പെട്ട് ഓടിയപ്പോഴാണ് പുറകേ ഓടി സാഹസികമായി കീഴ്പ്പെടുത്തിയത്. ആജാനുബാഹുവായ ഷാഫിയെ കീഴ്പ്പെടുത്താന‍് ഏറെ പണിപ്പെട്ടെന്ന് സുനില്‍കുമാര്‍ പറഞ്ഞു.

ആശുപത്രിയില്‍ ഈസമയത്ത് നിരവധി പേര്‍ ഉണ്ടായിരുന്നെങ്കിലും പ്രതി ഓടിയപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നില്‍ക്കുകയായിരുന്നു മിക്കവരും. സുനില്‍ കുമാറിന്‍റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ പിടിക്കാന‍് സഹായിച്ചതെന്ന് വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. പ്രതി രക്ഷപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാണ് കൈവിലങ്ങ് അണിയിച്ച് തന്നെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചതെന്നും എന്നാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഒരു കൈയിലെ വിലങ്ങ് മാറ്റിയപ്പോഴാണ് സംഭവമെന്നും ഇന്‍സ്പെക്ടര്‍ വിശദീകരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group