ദില്ലി:കെഎസ്ആര്‍ടിസി ബസിൽ പരസ്യം നൽകുന്നതിനുള്ള പുതിയ സ്കീംപരിശോധിച്ച് വരികയാണെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ വ്യക്തമാക്കി.സ്കീമിൽ
തീരുമാനം അറിയിക്കാൻ നാല് ആഴ്ച്ചത്തെ സമയം സർക്കാർ തേടി. സർക്കാരിന്‍റെ ആവശ്യം പരിഗണിച്ച കോടതി കേസ് നാല് ആഴ്ച്ച കഴിഞ്ഞ് പരിഗണിക്കുമെന്ന് അറിയിച്ചു.
അതുവരെ പരസ്യം നൽകുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് പുതിയ സ്കീം കെഎസ്ആര്‍ടിസി സമർപ്പിച്ചത്. സംസ്ഥാനസർക്കാരിനായി സ്റ്റാൻഡിംഗ് കൌൺസിൽ സി കെ ശശി, കെഎസ്ആർടിസിക്കായി അഭിഭാഷകൻ ദീപക് പ്രകാശ് എന്നിവർ ഹാജരായി .
കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് വരുത്തി വച്ചത് വൻ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെ എസ് ആര്‍ ടി സി പരസ്യം സ്ഥാപിക്കുന്നതെന്നും കെഎസ്ആര്‍ടിസിയുടെ അപ്പീലില്‍ പറയുന്നു. പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സി വ്യവസായത്തിന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെ എസ് ആര്‍ ടി സി വ്യക്തമാക്കി,.ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെ എസ് ആര്‍ ടി സി സമര്‍പ്പിച്ച ഹർജിയിൽ ചോദ്യം ചെയ്യുന്നു. സുപ്രിം കോടതിമുൻ വിധിയിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുള്ളതെന്നും കെ എസ് ആര്‍ ടി സി സുപ്രിം കോടതിയില്‍ ചൂണ്ടിക്കാട്ടി. സാമൂഹിക വിഷയങ്ങളിൽ ജൂഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുമ്പോൾ തന്നെ ഇത്തരം ഉത്തരവുകൾ സാമൂഹിക സേവനം എന്ന നിലയിൽ മുന്നോട്ട് പോകുന്ന കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയാണെന്നും ഹർജിയിൽ പറയുന്നു.
Post a Comment