ന്യൂഡല്‍ഹി: ഭരണഘടനാ സ്ഥാപനങ്ങളായ തെരഞ്ഞെടുപ്പ് കമ്മീഷനെയും ജുഡീഷ്യറിയെയും ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തല വെട്ടിയാലും ആര്‍എസ്എസ് ഓഫീസിന്റെ പടി ചവിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ബന്ധുവാണ് വരുണ്‍ ഗാന്ധി. ബിജെപി എംപി കൂടിയാണ് അദ്ദേഹം. അദ്ദേഹവുമായി ഒത്തുച്ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍.
തങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായ പ്രത്യേയശാസ്ത്രത്തില്‍ വിശ്വസിക്കുന്നയാളാണ് വരുണ്‍ ഗാന്ധി എന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയില്‍ വരുണ്‍ പങ്കെടുത്താല്‍ അതിന്റെ പേരില്‍ നിരവധി പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടി വരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
”ഞാൻ ഒരിക്കലും ഒരു ആര്‍എസ്എസ് ഓഫീസില്‍ പോകില്ല. നിങ്ങള്‍ എന്റെ കഴുത്തറുത്ത് കൊല്ലുമെന്ന് പറഞ്ഞാലും ഞാന്‍ പോകില്ല. എന്റെ കുടുംബം വിശ്വസിക്കുന്ന ഒരു പ്രത്യേയ ശാസ്ത്രമുണ്ട്,’ രാഹുല്‍ പറഞ്ഞു.
‘വരുണ്‍ ഗാന്ധിയെ കണ്ട് സംസാരിക്കാനും കെട്ടിപ്പിടിക്കാനും എനിക്ക് കഴിയും. അദ്ദേഹത്തെ സ്‌നേഹിക്കാനും കഴിയും. എന്നാല്‍ അദ്ദേഹം വിശ്വസിക്കുന്ന പ്രത്യേയശാസ്ത്രത്തെ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഭഗവത് ഗീതയും ഉപനിഷത്തുകളും താന്‍ വായിച്ചിട്ടുണ്ടെന്നും എന്നാല്‍ അതില്‍ എവിടെയും ഹിന്ദുത്വം എന്നാല്‍ ആക്രമണം എന്ന് പറഞ്ഞിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. അനുകമ്പ, സ്വയം നിരീക്ഷണം എന്നിവയാണ് ഹിന്ദുത്വത്തില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന് വരെ രാവണനോട് അനുകമ്പയാണ് തോന്നിയിട്ടുള്ളതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഒരു മതവും വിദ്വേഷം പ്രചരിപ്പിക്കാന്‍ കൂട്ട് നില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുക്കള്‍ പ്രകൃത്യാ ആക്രമണോത്സുക നയം പിന്തുടരുന്നവരാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തെയും രാഹുല്‍ നിശിതമായി വിമര്‍ശിച്ചു.
‘എത് ഹിന്ദുത്വത്തെപ്പറ്റിയാണ് അദ്ദേഹം പറയുന്നത് എന്ന് എനിക്ക് അറിയില്ല. ഞാന്‍ ഇതൊന്നും കേട്ടിട്ടില്ല. എവിടെന്നാണ് അദ്ദേഹത്തിന് ഇത്തരം ആശയങ്ങള്‍ കിട്ടുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇതൊന്നും ഹിന്ദുത്വ ആശയങ്ങളല്ല. ഇതെല്ലാം ആര്‍എസ്എസിന്റെ മാത്രം ആശയമാണ്,’ രാഹുല്‍ പറഞ്ഞു.
സഞ്ജയ് ഗാന്ധിയുടെയും മനേക ഗാന്ധിയുടെയും മകനാണ് വരുണ്‍ ഗാന്ധി. നിലവില്‍ ബിജെപിയ്ക്കുള്ളില്‍ പാര്‍ട്ടിയ്‌ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നയാളാണ് വരുണ്‍. വരുണ്‍ കോണ്‍ഗ്രസിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണോ എന്ന രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
Post a Comment