Join News @ Iritty Whats App Group

'പ്രായപൂർത്തിയാകാത്തത് ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം റദ്ദാക്കാൻ കാരണമല്ല'; സുപ്രധാന നിരീക്ഷണവുമായി കോടതി


ബെം​ഗളൂരു: ഹിന്ദു വിവാഹ നിയമ പ്രകാരം പെൺകുട്ടികളുടെ കുറഞ്ഞ പ്രായമായി 18 വയസാണെങ്കിലും, വിവാഹ സമയം പെണ്‍കുട്ടി പ്രായപൂര്‍ത്തിയായില്ലെങ്കില്‍ നിയമത്തിലെ 11-ാം വകുപ്പ് പ്രകാരം വിവാഹം അസാധുവാക്കാനാകില്ലെന്ന് കർണാടക ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. നിയമത്തിലെ 11-ാം വകുപ്പ് അനുസരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള വിവാഹം അസാധുവാക്കാൻ വ്യവസ്ഥ ചെയ്യുന്നില്ലെന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചു. രാമനഗര ജില്ലയിലെ ചന്നപട്ടണയിലെ കുടുംബകോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അലോക് ആരാധേ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. ഹിന്ദു വിവാഹനിയമത്തിലെ അഞ്ചാം വകുപ്പിലെ മൂന്നാം ക്ലോസ് പ്രകാരം വിവാഹസമയത്ത് വരന് 21 വയസും വധുവിന് 18 വയസും തികയണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ, വിവാഹം അസാധുവാക്കുന്ന 11-ാം വകുപ്പിലെ സെക്ഷൻ അഞ്ചിൽ ഒന്ന്, നാല്, അഞ്ച് ക്ലോസുകൾക്ക് വിരുദ്ധമാണെങ്കിൽ മാത്രമേ വിവാഹം അസാധുവായി കണക്കാക്കാനാകൂവെന്ന് കോടതി നിരീക്ഷിച്ചു. 

വിവാഹസമയത്ത് വധുവിന് 18 വയസ്സ് പ്രായമുണ്ടായിരിക്കണമെന്ന വ്യവസ്ഥ, വിവാ​ഹം റദ്ദാക്കേണ്ട കാരണങ്ങളിൽ ഉൾപ്പെടുന്നില്ലെന്നത് വ്യക്തമാണ്. അതുകൊണ്ടു തന്നെ വിവാഹം അസാധുവാക്കൽ സാധ്യമല്ല. ഈ വിഷയത്തിന്റെ മേൽപ്പറഞ്ഞ വശം വിലയിരുത്തുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.  

സെക്ഷൻ 5(1) പ്രകാരം വിവാഹസമയത്ത് ഒരു കക്ഷിക്കും മറ്റൊരു ജീവിതപങ്കാളി ഉണ്ടായിരിക്കരുതെന്ന് നിഷ്കർഷിക്കുന്നു. സെക്ഷൻ 5(4) പ്രകാരം വിവാഹം കഴിയ്ക്കുന്നവർ രക്തബന്ധമുണ്ടാകരുതെന്നും വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, ചില ആചാരങ്ങളുടെ ഭാ​ഗമായി ഇളവുകളുണ്ട്. സെക്ഷൻ 5 (5) വിവാഹിതരാകുന്നവർക്ക് പൊതുപൂർവികർ ഉണ്ടാകരുതെന്നും പറയുന്നു. എന്നാൽ, പ്രായപൂർത്തിയാകാത്ത വിവാഹം റദ്ദാക്കണമെന്നത് വ്യവസ്ഥയിലില്ല. 

2012 ആഗസ്റ്റ് 15നാണ് കേസിനാസ്പദമായ വിവാ​ഹം നടന്നത്. വിവാഹസമയം, പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ചന്നപട്ടണ കുടുംബ കോടതി പരാതിക്കാരിയുടെ വിവാഹം അസാധുവാക്കിയത്. വിവാഹിതയാകുമ്പോൾ 16 വയസും 11 മാസവും 8 ദിവസവും പ്രായമുണ്ടെന്നും നിയമത്തിലെ സെക്ഷൻ 5 (3) നിർദ്ദേശിച്ച പ്രകാരം 18 വയസ്സ് തികഞ്ഞിട്ടില്ലെന്നും കോടതി വിധിച്ചു. അതിനാൽ സെക്ഷൻ 11 പ്രകാരം വിവാഹം അസാധുവാണെന്നായിരുന്നു കുടുംബ കോടതിയുടെ നിഗമനം. അതേസമയം, നിയമം ശരിയായ രീതിയിൽ പരിഗണിക്കുന്നതിലും പ്രയോഗിക്കുന്നതിലും കോടതി പരാജയപ്പെട്ടുവെന്ന് വാദിച്ച പെൺകുട്ടി രം​ഗത്തെത്തി.

Post a Comment

Previous Post Next Post
Join Our Whats App Group