തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താൽമൂലമുണ്ടായ നഷ്ടം ഈടാക്കാനുള്ള ജപ്തി നടപടി നാളെയ്ക്കകം പൂർത്തിയാക്കാൻ നിർദേശം. ജില്ലാ കളക്ടർമാർക്ക് ലാൻഡ് റവന്യു കമ്മീഷണറാണ് നിർദേശം നൽകിയത്. ഹൈക്കോടതിയിൽ തിങ്കളാഴ്ച റിപ്പോർട്ട് നൽകേണ്ട സാഹചര്യത്തിലാണ്. നടപടി വേഗത്തിലാക്കാനുള്ള നിർദേശം.
പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യാൻ വൈകുന്നതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജപ്‌തി പൂർത്തിയാക്കി തിങ്കളാഴ്ച റിപ്പോർട്ട് നൽകാനാണ് അന്ത്യശാസനം. ഈ സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കാൻ ലാൻഡ് റവന്യു കമ്മീഷണർ ടി വി അനുപമ ഐ എ എസ് കളക്ടർമാർക്ക് നിർദേശം നൽകിയത്. നാളെ വൈകിട്ട് അഞ്ചിനകം ജപ്തി നടത്തി റിപോർട്ട് നൽകണം. ജപ്തിക്ക് മുന്നോടെയായുള്ള നോട്ടീസ് നൽകേണ്ട. ജപ്തിക്ക് ശേഷം വസ്തുക്കൾ ലേലം ചെയ്യണമെന്നും ലാൻഡ് റവന്യു കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.
ആഭ്യന്തര വകുപ്പിൽ നിന്നും പേരുവിവരം ലഭിക്കുന്നതിനനുസരിച്ചാണ് കലക്റ്റർമാർക്ക് ജപ്‌തി നടപടികളിലേക്ക് കടക്കാനാവുക. ജപ്തി ചെയ്യാനുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ജില്ലാ തിരിച്ചുള്ള റിപ്പോർട്ടും അപേക്ഷയും ആഭ്യന്തരവകുപ്പ് ഇന്നലെ വരെ നൽകിയിരുന്നില്ല. തിങ്കളാഴ്ച റിപ്പോർട്ട് നൽകേണ്ട സാഹചര്യം പരിഗണിച്ച് ആഭ്യന്തര വകുപ്പും നടപടികൾ വേഗത്തിൽ ആക്കിയിട്ടുണ്ട്.
ഓൺലൈനായാണ് റിപ്പോർട്ടും അപേക്ഷയും കൈമാറുക.പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ വാഹനം, വീട്, മറ്റു സ്ഥാപനങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ,തുടങ്ങി ഏതു സ്ഥാവര – ജംഗമ വസ്തുക്കളും ജപ്തി ചെയ്യാൻ കലക്ടർമാർക്ക് അധികാരമുണ്ട്.
Post a Comment