ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളും അനില്‍ ആന്റണി രാജി വെച്ചു. മുതിര്‍ന്ന പാര്‍ട്ടി നേതാവ് എ.കെ. ആന്റണിയുടെ മകനായ അനില്‍ ആന്റണി. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ സ്ഥാനവും എഐസിസി ഡിജിറ്റല്‍ കോര്‍ഡിനേറ്റര്‍ പദവിയുമാണ് ഒഴിഞ്ഞത്.
രാവിലെ 9.30 യോടെയാണ് അനില്‍ രാജിക്കത്ത് നല്‍കിയത്. രാജിക്കത്ത് ട്വീറ്റും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരേ ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററിയ്ക്ക് എതിരേ അനില്‍ ആന്റണി നേരത്തേ രംഗത്ത് വന്നിരുന്നു. താന്‍ നടത്തിയ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്തില്‍ നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം നടത്തി. നേതൃത്വത്തിന് ചുറ്റുമുള്ളവര്‍ സ്തുതി പാഠകരും അടിമകളുമാണെന്ന് പറഞ്ഞു.
ഇന്ത്യയുടെ പരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററി എന്നു കരുതുന്നു. പാർട്ടി താൽപര്യത്തെക്കാൾ രാജ്യതാത്പര്യമാണ് വലുത്. അതേസമയം യൂത്ത് കോണ്‍ഗ്രസ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കയിരുന്നു. നേരത്തേ ബിബിസി ഡോക്യുമെന്ററിയെ സ്വാഗതം ചെയ്ത് രാഹുല്‍ഗാന്ധിയും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനെ തള്ളി അനില്‍ ആന്റണി വന്നത്.
ഇതോടെ അനിലിന്റെ നിലപാടിനെതിരേ പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനം ഉയന്നിരുന്നു. അനിലിനെ തള്ളി നേരത്തേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്ത് വന്നിരുന്നു. താന്‍ പറയുന്നതാണ് പാര്‍ട്ടിയുടെ നിലപാട് എന്നായിരുന്നു ഷാഫി പറമ്പില്‍ പറഞ്ഞത്. അനില്‍ ആന്റണിയെ തള്ളി നേരത്തേ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും രംഗത്ത് വന്നു.
അനില്‍ ആന്റണി ഡിജിറ്റല്‍ സെല്ലിന്റെ ഭാഗമല്ലെന്നും ഡിജിറ്റല്‍ സെല്ലിന്റെ പുനഃസംഘടന നടക്കുകയാണെന്നും പറഞ്ഞു. ബിബിസിയുടെ ഡോക്യുമെന്ററി സംസ്ഥാനത്തുടനീളം യൂത്ത്കോണ്‍ഗ്രസ് പ്രദര്‍ശിപ്പിക്കുമെന്നും പറഞ്ഞു.
Post a Comment