കൊച്ചി: എറണാകുളം ലോ കോളേജിൽ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു. മൂന്നാം വർഷ വിദ്യാർത്ഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗൺസിലിന്റേതാണ് നടപടി. ഒരാഴ്ചത്തെക്കാണ് സസ്പെൻഷൻ.
കോളേജ് യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടിയായിരുന്നു അപർണ ബാലമുരളിയും വിനീത് ശ്രീനിവാസനും അടക്കമുള്ളവർ കോളേജിൽ എത്തിയത്. സംഭവത്തിൽ, കോളേജ് യൂണിയൻ കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു.
വിദ്യാർത്ഥിയുടെ പെരുമാറ്റം വേദനിപ്പിച്ചെന്നായിരുന്നു അപർണ ബാലമുരളി പ്രതികരിച്ചത്. സംഭവത്തിൽ പരാതിപ്പെടുന്നില്ലെന്നും ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാർഥി മനസ്സിലാക്കിയില്ലെന്നത് ഗുരുതരമാണെന്ന് അപർണ പ്രതികരിച്ചു.
നടിക്ക് പൂവ് സമ്മാനിക്കാൻ വേദിയിൽ എത്തിയ വിദ്യാർത്ഥി നടിയുടെ കയ്യിൽ കടന്നു പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. ഉടൻ തന്നെ നടി അനിഷ്ടം വ്യക്തമാക്കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Post a Comment