Join News @ Iritty Whats App Group

ആറു മാസമായി ശമ്പളമില്ല, ജീവിക്കാൻ മറ്റ് വഴിയില്ല; കണ്ണൂർ ആറളം ഫാമിൽ തൊഴിലാളികളും ജീവനക്കാരും ദുരിതത്തിൽ


കണ്ണൂർ : ആറു മാസമായി ശമ്പളം കിട്ടാതായതോടെ കണ്ണൂർ ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും ദുരിതത്തിൽ. പലർക്കും നിത്യജീവിതത്തിന് പോലും നിവൃത്തിയില്ലാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു. സമര പ്രഖ്യാപനം നടത്തിക്കൊണ്ട് തൊഴിലാളികൾ ഫാമിൽ സൂചന പണിമുടക്ക് നടത്തി. ഫാമിലെ 300 ലധികം തൊഴിലാളികളുടെയും 27 ഓളം വരുന്ന ജീവനക്കാരുടെയും അവസ്ഥ സമാനമാണ്. ധനകാര്യ സ്ഥാപനങ്ങളിൽ തിരിച്ചടവ് മുടങ്ങിയെന്നും പണം നൽകാത്തതിനാൽ പലചരക്ക് കടയിൽ നിന്ന് പോലും നിതൃവൃത്തിക്കുള്ള സാധനങ്ങൾ കിട്ടുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു.  

വന്യമൃഗങ്ങൾ വിള നശിപ്പിച്ച നഷ്ടപരിഹാര ഇനത്തിൽ വനം വകുപ്പ്, ഫാമിന് 13 കോടി രൂപ കൊടുക്കാനുണ്ട്. പട്ടിക വർഗ്ഗ വകുപ്പ് ആ തുക വാങ്ങിയെടുത്താൽ ശമ്പളം കൊടുക്കാൻ പ്രയാസമുണ്ടാവില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ആനയും കുരങ്ങും അടങ്ങുന്ന വന്യമൃഗങ്ങൾ ഫാമിലിറങ്ങാൻ തുടങ്ങിയതോടെ പല വിളവും എടുക്കാനാവുന്നില്ല. ഇതിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ ഫാമിന്റെ നിലനിൽപ് തന്നെ പ്രതിസന്ധിയിലാകും. ആറളം ഫാമിങ്ങ് കോർപറേഷൻ ശമ്പളം നൽകുന്നത് മുടങ്ങുമ്പോൾ സംസ്ഥാന സർക്കാർ ഇടപെട്ടായിരുന്നു തൊഴിലാളികളുടെ ശമ്പള കുടിശ്ശിക തീർത്തിരുന്നത്. സർക്കാർ നേരിട്ട് ശമ്പളം കൊടുക്കുന്ന രീതി ഉണ്ടാവണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group