Join News @ Iritty Whats App Group

'വൻ തുക പെൻഷൻ പറ്റുന്ന കെ.വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്താല്‍ സ്വാഗതം, അല്ലെങ്കില്‍ പുച്ഛം'; എല്‍ജെഡി


കോഴിക്കോട്: കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിനെ ക്യാബിനറ്റ് റാങ്കില്‍ ദില്ലയില്‍ കേരള സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി എല്‍ ജെ ഡി രംഗത്ത്.വൻ തുക പെൻഷൻ പറ്റുന്ന കെ.വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിന്‍റെ നിയമനത്തെ സ്വാഗതം ചെയ്യുന്നു. ശമ്പളം വാങ്ങിയാണെങ്കിൽ പുച്ഛം തോന്നുന്നുവെന്ന് എല്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് കെവി തോമസിനെ ദില്ലിയിൽ സംസ്ഥാന സർക്കാറിൻറെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് പദവിയിൽ നിയമിക്കാൻ തീരുമാനിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സംസ്ഥാനത്തിന് വലിയ ബാധ്യതയുണ്ടാക്കുന്ന നിയമനം.അച്ചടക്കലംഘനത്തിന് കോൺഗ്രസ് പുറത്താക്കിയ കെവിതോമസിന് എട്ടുമാസത്തിന് ശേഷമാണ് പദവി കിട്ടുന്നത്.

കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് പാർട്ടി കോൺഗ്രസ് സെമിനാറിലും പിന്നെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് കൺവെൻഷനിലും പങ്കെടുത്തതോടെയായിരുന്നു തോമസിനെതിരായ നടപടി. ഭരണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനമടക്കം പലതും കേട്ടെങ്കിലും ഒടുവിൽ എ സമ്പത്ത് നേരത്തെ വഹിച്ച പദവിയിലാണ് നിയമനം.

ഒന്നരലക്ഷത്തോളം ശമ്പളവും വീടും വാഹനവും പേഴ്സനൽസ്റ്റാഫും ഉണ്ടാകും. ദില്ലിയിൽ സംസ്ഥാന സർക്കാറിൻറെ രണ്ടാം പ്രതിനിധിയായാണ് തോമസിൻറെ വരവ്. നിലവിൽ നയതന്ത്രവിദഗ്ധൻ വേണു രാജാമണി ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഓവർസീസ് പദവിയിലുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ എതിർചേരി വിട്ടുവരുന്നവരെ സംരക്ഷിക്കുമെന്ന ഉറപ്പാണ് തോമസിൻറെ നിയമനം വഴി സിപിഎം നൽകുന്നത്. പക്ഷെ ധൂർത്ത് ഉയർത്തിയാണ് പ്രതിപക്ഷത്തിന്‍റെ തിരിച്ചടി. ഇതിനിടയിലാണ് ഭരണപക്ഷത്തു നിന്നു തന്നെ കെ വി തോമസിന്‍റെ നയമനത്തിനെതിരെ മുറു മുറുപ്പ് ഉയരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group