ദില്ലി: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഒന്നിച്ച് മുന്നേറാമെന്ന് പ്രധാനമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതാണെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിച്ചതോടെയാണ് രാജ്യത്തിന്റെ 74–ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്. രാജ്യ തലസ്ഥാനമായ ദില്ലിയില്‍ പ്രൗഢ ഗംഭീരമായ റിപ്പബ്ലിക്ക് ദിന പരേഡാണ് നടക്കുന്നത്. പത്ത് മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പങ്കെടുക്കും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് എൽ സിസിയാണ് ഈ വർഷത്തെ മുഖ്യാതിഥി. ആഘോഷങ്ങൾക്ക് മുന്നോടിയായി കർത്തവ്യ പഥിലും സമീപ പ്രദേശങ്ങളിലും സുരക്ഷ വിന്യാസം ശക്തമാക്കി. കർത്തവ്യപഥിന്റെയും പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും നിർമ്മാണത്തിൽ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേർ ഇത്തവണ പരേഡിൽ അതിഥികളായെത്തും.
നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും എന്നതാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ കേരളം ഒരുക്കുന്ന ഫ്ലോട്ടിന്റെ പ്രമേയം. സാധാരണക്കാരായ പ്രാദേശിക വനിതകളുടെ കൂട്ടായ്മയും പ്രവർത്തനങ്ങളും രാജ്യപുരോഗതിക്ക് നേട്ടമാകുന്നത് എങ്ങനെയാണെന്നാണ് ഫ്ലോട്ടിലൂടെ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. 24 അംഗ വനിതാ സംഘമാണ് ബേപ്പൂർ റാണിയെന്ന് പേരിട്ട ഫ്ലോട്ടിൽ അണിനിരക്കുക. ബേപ്പൂർ ഉരുവിന്റെ മാതൃകയിലാണ് ഫ്ലോട്ടിന്റെ ട്രാക്ടറും ട്രെയിലറും.
Post a Comment