തിരുവനന്തപുരം: ക്രിസ്മസ് – പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനമായ 16 കോടി ലഭിച്ച ഭാഗ്യശാലി പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തില്ല. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കിയ ആള്‍ പേരും വിവരങ്ങളും പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യർത്ഥിച്ചു. ഇതനുസരിച്ച് വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുമെന്ന് വകുപ്പ് അറിയിച്ചു. വിവരാവകാശ അപേക്ഷ നല്‍കിയാലും വിവരങ്ങള്‍ ലഭിക്കില്ല.
പാലക്കാട് വിറ്റ XD 236433 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട്ടെ ശ്രീമൂകാംബിക ലോട്ടറി ഏജൻസി ഉടമ മധുസൂധനന്‍ എന്ന ഏജന്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്. കമ്മീഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുക ഒന്നാം സമ്മാനം നേടിയ ആള്‍ക്ക് ലഭിക്കും.
ക്രിസ്മസ് പുതുവത്സര ബമ്പറിനായി 33 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 32,43,908 ടിക്കറ്റുകളാണ് വിറ്റുപോയത്. 400 രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായി 16 കോടിയും രണ്ടാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്കും മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേര്‍ക്കും ലഭിക്കും.
ഫല പ്രഖ്യാപനത്തിന് പിന്നാലെ ഭാഗ്യം തുണയ്ക്കാത്തതിൽ നിരാശ പ്രകടിപ്പിച്ചും തിരുവോണം ബമ്പർ വിജയി അനൂപിന്റെ അവസ്ഥകൾ ചൂണ്ടിക്കാട്ടിയും നിരവധി പേരാണ് രംഗത്തെത്തുന്നത്. കഴിഞ്ഞ വർഷത്തെ തിരുവോണം ബമ്പറിന്റെ 25 കോടിയുടെ ഉടമ തിരുവനന്തപുരം സ്വദേശിയായ അനൂപ് ആയിരുന്നു.
അപ്രതീക്ഷിത സൗഭാഗ്യത്തിൽ അനൂപിനെ സന്തോഷത്തിലാഴ്ത്തിയെങ്കിലും പിന്നാലെ മനസമാധാനം കൂടിയായിരുന്നു നഷ്ടപ്പെടുത്തിയത്. സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യം മൂലം അനൂപ് പൊറുതിമുട്ടിയിരുന്നു. വീടിന് പുറത്തേക്ക് ഇറങ്ങാനോ ഒരിടത്ത് പോകാനോ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ട് അനൂപ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.
പിന്നാലെ നറുക്കെടുത്ത പൂജ ബമ്പർ വിജയി ഇതുവരെയും രംഗത്തെത്തിയിട്ടുമില്ല. അനൂപിന്റെ അവസ്ഥ പാഠമായത് കൊണ്ടാണ് ആ ഭാഗ്യശാലി മുൻനിരയിലേക്ക് വരാത്തതെന്ന ചർച്ചകൾ അന്നും നടന്നിരുന്നു.
Post a Comment