പട്ന: 29 അടി ഉയരമുള്ള മൊബൈൽ ടവർ കടത്തിക്കൊണ്ടുപോയി മോഷ്ടാക്കൾ. 5ജി സേവനങ്ങൾ ആരംഭിക്കുന്നതിനായി ടെലികോം കമ്പനി ടെക്നീഷ്യന്മാർ നടത്തിയ സർവേയിലാണ് മൊബൈൽ ടവർ മോഷണം പോയ വിവരം അറിയുന്നത്. പട്നയിലെ സബ്സിബാഗിലാണ് സംഭവം.
2006-ൽ എയർസെൽ സ്ഥാപിച്ചതാണ് ഈ മൊബൈൽ ടവർ. 2017ൽ ജിടിഎൽ കമ്പനിക്ക് ഈ ടവർ വിൽക്കുകയും ചെയ്തു. ടവർ കുറച്ചുകാലങ്ങളായി പ്രവർത്തിക്കുന്നില്ലായിരുന്നു. 2022 ഓഗസ്റ്റ് 31ൽ നടത്തിയ ഇൻസ്‌പെക്ഷനിൽ ടവർ അവിടെ ഉണ്ടായിരുന്നതായാണ് കമ്പനി നൽകുന്ന സ്ഥിരീകരണം.
ഷഹീൻ ഖയൂം എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുകളിലാണ് ഇത് സ്ഥാപിച്ചിരുന്നത്. പ്രവർത്തിക്കായതോടെ ടവർ ഇവിടെ മാറ്റണമെന്നാവശ്യപ്പെട്ട് ഷഹീൻ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു സംഘം ആളുകളെത്തി ടവർ അഴിച്ചുകൊണ്ടുപോവുകയായിരുന്നു. ടവറിന് തകരാറുണ്ടെന്നും മറ്റൊന്ന് ഉടൻ തന്നെ സ്ഥാപിക്കുമെന്നുമാണ് ഇവർ പറഞ്ഞത്. എന്നാൽ, കമ്പനി പറയുന്നത് ടവർ അഴിച്ചുമാറ്റാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നാണ്.
സംഭവത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് കമ്പനി അധികൃതർ തട്ടിപ്പിനെ കുറിച്ച് അറിയുന്നത്. ജിടിഎൽ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് പ്രദേശത്ത് എത്തിയ മോഷ്ടാക്കൾ ട്രക്കിലാണ് ടവർ കൊണ്ടുപോയതെന്ന് പ്രദേശവാസികൾ അറിയിച്ചു.ജിടിഎൽ കമ്പനി പിർബാഹോർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസ് അന്വേഷണം പുരോഗമിക്കുകയാണ്.
Post a Comment