Join News @ Iritty Whats App Group

ക്രമക്കേട് നടത്താൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എം ജി സര്‍വകലാശാല ഉദ്യോഗസ്ഥ എൽസിയെ പിരിച്ചു വിട്ടു

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ എം ജി സർവകലാശാല അസിസ്റ്റന്റ് സി ജെ എൽസി (48) യെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. എൽസിയെ പിരിച്ചു വിടാനുള്ള ഒക്ടോബറിലെ ശുപാർശ ഇന്നുചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. സിൻഡിക്കേറ്റ് യോഗം ശുപാർശ അംഗീകരിച്ചതിന് പിന്നാലെ എൽസിയെ സർവീസിൽ നിന്നും പിരിച്ചു വിട്ടു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഈ വർഷം ജനുവരി 29നാണ് വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് ഇടതു സംഘടനാ നേതാവ് കൂടിയായ എൽസി വിജിലൻസ് പിടിയിലായത്.

എൽസി മറ്റു പല കുട്ടികളിൽ നിന്ന് കൂടി പണം വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. നേരത്തെ സിൻഡിക്കേറ്റ് നിയോഗിച്ച അന്വേഷണ സമിതിയുടെ പരിശോധനയിലും എൽസി പണം വാങ്ങിയെന്ന സൂചന കിട്ടിയിരുന്നു.

എൽസിയുടെ അക്കൗണ്ട് വിവരങ്ങളിൽ നിന്നാണ് വിജിലൻസിന് നിർണായക തെളിവ് കിട്ടിയത്. നാല് വിദ്യാർത്ഥികളിൽ നിന്ന് വിവിധ ഘട്ടങ്ങളായാണ് എൽസിയുടെ അക്കൗണ്ടിലേക്ക് പണം വന്നത്. 2010-2014 ബാച്ചിലെ വിദ്യാർത്ഥികളാണിവർ. പല തവണ പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവരെ നോട്ടമിട്ടായിരുന്നു എൽസിയുടെ നീക്കങ്ങൾ. സാമ്പത്തിക ചുറ്റുപാടും മനസിലാക്കി നിരന്തമുള്ള ഫോൺ സംഭാഷണങ്ങളിലൂടെ പണമിടപാടിലേക്ക് എത്തുകയായിരുന്നു. മെഴ്സി ചാൻസിൽ ജയിപ്പിച്ചു തരാമെന്നായിരുന്നു എൽസിയുടെ വാഗ്ദാനം.

എൽസിയുടേയും പണം നൽകിയ വിദ്യാർത്ഥികളുടേയും ഫോൺ സംഭാഷണത്തിന്‍റെ വിവരങ്ങളും വിജിലൻസ് ശേഖരിച്ചു. ഈ വിദ്യാർത്ഥികളിൽ രണ്ട് പേരുടെ മാർക്ക് ലിസ്റ്റ് എൽസിയുടെ കംപ്യൂട്ടർ ലോഗ് ഇന്നിൽ നിന്ന് തിരുത്തിയതായി സർവകലാശാല അന്വേഷണ സമിതി കണ്ടെത്തി. എന്നാൽ മാർക്ക് ലിസ്റ്റ് തിരുത്താൻ ആർക്കും പണം നൽകിയിട്ടില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. എൽസിയുടെ രോഗ വിവരം അറിഞ്ഞപ്പോൾ സാമ്പത്തിക സഹായം നൽകിയതാണെന്നും ചില വിദ്യാർത്ഥികൾ പറയുന്നു.

2014-2016 ബാച്ചില്‍ ഏറ്റുമാനൂര്‍ മംഗളം കോളേജില്‍ നിന്ന് എംബിഎ പാസായ വിദ്യാര്‍ഥിനിയോട് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭിക്കാന്‍ 30,000 ആവശ്യപ്പെട്ട എല്‍സി ആദ്യ ഗഡുവായി 15,000 രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലായത്. വിജിലന്‍സ് കിഴക്കന്‍ മേഖല എസ്പി വി ജി വിനോദ്കുമാറിന് വിദ്യാർത്ഥിനി നൽകിയ പരാതിയിലായിരുന്നു നടപടി.

Post a Comment

Previous Post Next Post
Join Our Whats App Group