Join News @ Iritty Whats App Group

മാസ്ക് നിര്‍ബന്ധം, പുതുവത്സരാഘോഷം രാത്രി ഒരുമണിവരെ; നിയന്ത്രണം കടുപ്പിച്ച് കർണാടക


ബെംഗളൂരു: കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കര്‍ണാടകയില്‍ മാസ്ക് നിര്‍ബന്ധമാക്കി. മറ്റു നിയന്ത്രണങ്ങളും കടുപ്പിച്ചു. പുതുവത്സരാഘോഷത്തില്‍ ആളുകള്‍ തടിച്ചുകൂടാന്‍ സാധ്യതയുള്ളത് മുന്‍കൂട്ടി കണ്ടാണ് നടപടി. നിലവില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് നിയന്ത്രണം കടുപ്പിച്ചതെന്നും കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു.

ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന ഒമിക്രോണ്‍ ഉപവകഭേദമായ ബിഎഫ് ഏഴ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന പുതുവത്സര ആഘോഷത്തില്‍ ആള്‍ക്കൂട്ടത്തിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചതെന്ന് കര്‍ണാടക സര്‍ക്കാര്‍ പറയുന്നു.

അടഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്നാണ് നിര്‍ദേശം. റസ്റ്റോറന്റുകള്‍, പബ്ബുകള്‍, തിയേറ്ററുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പുതുവത്സര ആഘോഷത്തിന് സമയപരിധി വച്ചു. രാത്രി ഒരുമണി വരെ മാത്രമാണ് ആഘോഷത്തിന് അനുമതിയുള്ളത്.

ഗര്‍ഭിണികള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, മറ്റ് ആരോഗ്യപ്രശ്‌നം ഉള്ളവര്‍ എന്നിവര്‍ ആള്‍ക്കൂട്ടത്തില്‍ പോകരുത്. അടഞ്ഞുകിടക്കുന്ന മുറികളില്‍ നടത്തുന്ന പരിപാടികളില്‍ സീറ്റിങ് കപ്പാസിറ്റിയേക്കാള്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കരുത്. മാസ്ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group