Join News @ Iritty Whats App Group

പകല്‍ ആള്‍ട്ടോ കാറില്‍ കറങ്ങി മലഞ്ചരക്ക് കണ്ട് വയ്ക്കും; പുലര്‍ച്ചെ ഭാര്യയുമൊത്ത് മോഷണം, ഒടുവില്‍ അറസ്റ്റ്



മലപ്പുറം: അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ ഇടങ്ങളില്‍ മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റിലായി. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരെയാണ് അരീക്കോട് എസ്എച്ച്.ഒ. എം അബ്ബാസലി അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷക്കാലമായി ദമ്പതികള്‍ സ്റ്റേഷന്‍ പരിധിയില്‍ വിവിധ ഇടങ്ങളില്‍ മോഷണം നടത്തി വരിക്കയായിരുന്നു. പ്രധാനമായും നാളികേരം, അടക്ക, റബ്ബര്‍ ഷീറ്റ് ഉള്‍പ്പെടെയുള്ള മലഞ്ചരക്കായിരുന്നു ഇവര്‍ മോഷ്ടിച്ചിരുന്നത്. 

ദമ്പതികള്‍ക്ക് ആറ് വയസ്സും ആറ് മാസമായ രണ്ട് കുട്ടികളുണ്ട്. ഇവരുമായി പകല്‍സമയങ്ങളില്‍ വിവിധ ഇടങ്ങളില്‍ ആള്‍ട്ടോ കാറില്‍ സഞ്ചരിച്ച് മലഞ്ചരക്ക് സാധനങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്തും. തുടര്‍ന്ന് പുലര്‍ച്ച സമയങ്ങളില്‍ വീടുകളിലും തോട്ടങ്ങളിലും എത്തി മലഞ്ചരക്ക് കാറില്‍ കയറ്റി കൊണ്ട് പോകുന്നതായിരുന്നു ഇവരുടെ മോഷണ രീതി. മോഷണം പതിവായതോടെ അരീക്കോട് പൊലീസ് സ്റ്റേഷനില്‍ അടുത്തകാലത്ത് നിരവധി പരാതികളാണ് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ദമ്പതികള്‍ ഇരുവേറ്റിയിലെ ഒരു വീട്ടില്‍ മോഷണം നടത്തുന്നതിനിടയില്‍ പിടിയിലായത്. 

ഇരുവേറ്റി, ഏലിയാപറമ്പ്, കുത്തുപറമ്പ്, വാക്കാലൂര്‍, മൈത്ര, കുനിയില്‍, ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് പ്രധാനമായും ദമ്പതികള്‍ മോഷണത്തിന് ഇറങ്ങിയിരുന്നത്. ഇങ്ങനെ മോഷണം നടത്തുന്ന മലഞ്ചരക്ക് ഓമശ്ശേരിയിലും മറ്റുമാണ് ഇവര്‍ വില്പന നടത്തിയിരുന്നത്. ഇവരെ അരീക്കോട് പൊലീസ് ഇവരെ എത്തിച്ച് തെളിവെടുപ്പ് നടത്തി. അതെ സമയം ക്വിന്‍റല്‍ കണക്കിന് മലഞ്ചരക്കാണ് ഇവര്‍ വിവിധ ഇടങ്ങളില്‍ നിന്നായി മോഷണം നടത്തിയതെന്ന് പറയുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് അരീക്കോട് എസ്.എച്ച്.ഒ. എം അബ്ബാസലി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവരെ പിടികൂടിയ വാര്‍ത്ത പുറത്തുവന്നതോടെ നിരവധി പേരാണ് മലഞ്ചരക്ക് മോഷണം പോയിയെന്ന് പറഞ്ഞുകൊണ്ട് പൊലീസ് സ്റ്റേഷന്‍ എത്തുന്നത്. ദമ്പതികള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മഞ്ചേരി കോടതിയില്‍ ഹാജരാക്കി. ജൂനിയര്‍ എസ്‌ഐ. യു കെ ജിതിന്‍, അഡീഷനല്‍ എസ്‌ഐമാരായ അബ്ദുല്‍ അസീസ്, വിജയന്‍. സജീര്‍, സഞ്ജയ്, അനില എന്നിവരടങ്ങുന്ന സംഘമാണ് കേസിന്‍റെ അന്വേഷണം നടത്തുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group