Join News @ Iritty Whats App Group

അയ്യല്ലൂരിൽ പുലിക്കായി നിരീക്ഷണം ശക്തമാക്കി

 

പുലിയുടെ സാന്നിധ്യം കണ്ടെത്തിയ അയ്യല്ലൂരിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. വനത്തിൽ തന്നെ പുലിയുണ്ടോ എന്നറിയാനാണ് ക്യാമറകൾ സ്ഥാപിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് അയ്യല്ലൂർ കരൂഞ്ഞാലിൽ റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെ തൊഴിലാളി അശോകൻ പുലിയെ കണ്ടത്.

തുടർന്ന് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് സാന്നിധ്യം മനസ്സിലായത്. വ്യാഴാഴ്ച കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത്, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കെ ജിജിൽ, തോലമ്പ്ര സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കെ.സി അനീഷ്, എന്നിവരുടെ നേതൃത്വത്തിൽ വനത്തിൽ ക്യാമറകൾ സ്ഥാപിച്ചു.

വയനാട് നിന്ന് കൂടുതൽ ക്യാമറകൾ അടുത്ത ദിവസം എത്തിക്കുമെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ക്യാമറയിൽ പതിഞ്ഞ ചിത്രം കാണുമ്പോൾ പുലിക്ക് ആരോഗ്യമുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വനം വകുപ്പിന്റെ വാഹനങ്ങളും പോലീസ് വാഹനവും പട്രോളിങ്‌ നടത്തുന്നുണ്ട്.

വനം വകുപ്പിലെ ആർ.ആർ.ടി ഉദ്യോഗസ്ഥർ പരിശോധന വ്യാഴാഴ്ചയും നടത്തി. അയ്യല്ലൂരിൽ മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്തിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. മുൻ മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ കെ ഭാസ്കരൻ, വാർഡ് കൗൺസിലർ കെ ശ്രീന, വനം, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ജനങ്ങൾ ജാഗ്രതയോടെ നിൽക്കണമെന്നും അനാവശ്യമായി ഇറങ്ങി നടക്കരുതെന്നും വളർത്തുമൃഗങ്ങളെ ശ്രദ്ധിക്കണമെന്നും നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് പറഞ്ഞു. പുലിയാണെന്ന് വ്യക്തമായതോടെ പുരളിമല താഴ്‌വാര പ്രദേശങ്ങളിലും പരിസര പ്രദേശങ്ങളിലും മിക്കവരും റബ്ബർ ടാപ്പിങ്‌ ഏതാനും ദിവസത്തേക്ക് നിർത്തി വെച്ചിരിക്കയാണ്.

പ്രഭാതസവാരി പൊതുജനങ്ങൾ ഒഴിവാക്കി. മറ്റു സംസ്ഥാനങ്ങളിലെ പഴയ പുലിയുടെ വീഡിയോ പ്രചരിപ്പിച്ച് അയ്യല്ലൂരിലെ പുലിയാണെന്ന് പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് പോലീസ് അറിയിച്ചു. നഗരസഭയുടെ നേതൃത്വത്തിലും സി.സി.ടി.വി.കൾ സ്ഥാപിക്കും. ഉയർന്ന ഉദ്യോഗസ്ഥരുമായി കെ.കെ ശൈലജ എം.എൽ.എ വ്യാഴാഴ്ചയും ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Post a Comment

Previous Post Next Post
Join Our Whats App Group