Join News @ Iritty Whats App Group

പൊലീസിന് തിരിച്ചടി; സജി ചെറിയാനെ കുറ്റവിമുക്തനാക്കിയതിന് എതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെതിരെയുള്ള കേസ് പിന്‍വലിക്കാനുള്ള കേരളാ പൊലീസിന്റെ നീക്കത്തിന് തിരിച്ചടി. സജി ചെറിയാന്‍ കുറ്റം ചെയ്തിട്ടില്ല എന്ന പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പുനഃ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അഡ്വക്കേറ്റ് ബൈജു നോയലിന്റെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സജി ചെറിയാന്‍ ഭരണഘടനവിരുദ്ധ പരാമര്‍ശം നടത്തിയ കേസിലുള്ള അന്വേഷണം കേരള പോലീസില്‍ നിന്നും മറ്റൊരു അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നുള്ള ഹര്‍ജിയുമാണ് കോടതി ഫയലില്‍ സ്വീകരിച്ചത്.

സജി ചെറിയാന്‍ എംഎല്‍എയുടെ ഭരണഘടനാവിരുദ്ധ പ്രസംഗത്തില്‍ സിബിഐ അന്വേഷണമാണ് ഹര്‍ജിക്കാരനായ അഡ്വക്കേറ്റ് ബൈജു നോയല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഹര്‍ജി ക്രിസ്മസ് അവധിയ്‌ക്ക് ശേഷം പരിഗണിക്കാനായി മാറ്റി വച്ചു.

കഴിഞ്ഞ ജൂലൈ 3ന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ പരിപാടിയ്‌ക്കിടെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. കടുത്ത പ്രതിഷേധത്തിനൊടുവില്‍ ജൂലൈ 6ന് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജി വച്ചു. പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് സജി ചെറിയാന്‍ ചെയ്തത്. ഭരണഘടനയേയോ ഭരണഘടന ശില്‍പികളെയോ അപകീത്തിപ്പെടുത്തിയിട്ടില്ലെന്നും, അതിനാല്‍ കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു പൊലീസിന്റെ റഫര്‍ റിപ്പോര്‍ട്ട്.

മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ നിരവധി സാക്ഷികളുണ്ടായിട്ടും അത് കൃത്യമായി രേഖപ്പെടുത്താതെ സജി ചെറിയാനെ സംരക്ഷിക്കാനുള്ള റിപ്പോർട്ടാണ് പൊലീസ് കോടതിയ്ക്ക് കൈമാറിയതെന്നാണ് ഹർജിയിൽ പറയുന്നത്.

തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group