Join News @ Iritty Whats App Group

പരസ്പര സ്നേഹത്തിന്റെ അധ്യായം രചിച്ച് ഉളിയിൽ നരേമ്പാറ അൽ മദ്‌റസത്തുൽ ഇസ്ലാമിയ മദ്റസാ വിദ്യാർത്ഥികളുടെ ചർച്ച് സന്ദർശനം


ക്രിസ്മസിന്റെയും ക്രൈസ്തവതയുടെയും ഉള്ളറകൾ തേടി മദ്റസാ വിദ്യാർത്ഥികൾ നടത്തിയ ചർച്ച് സന്ദർശനം സൗഹാർദത്തിന്റെയും ആശയക്കൈമാറ്റത്തിന്റെയും മംഗള മുഹൂർത്തമായി. ഉളിയിൽ നരേമ്പാറ അൽ മദ്‌റസത്തുൽ ഇസ്ലാമിയ വിദ്യാർത്ഥികളാണ് ക്രിസ്മസ് ദിനത്തിൽ നെല്ലിക്കാമ്പൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ ചർച്ച് സന്ദർശിച്ച് ആശംസകൾ കൈമാറിയത്.
അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന സംഘത്തെ ഇടവക വികാരി ഫാ. ജോസഫ് കാവനാടിയിൽ , അസിസ്റ്റന്റ് വികാരി ഫാ. ഷിൻസ് കുടിലിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 
തുടർന്ന് നടന്ന ചടങ്ങിൽ എം.എൽ.എ മാരായ അഡ്വ. സണ്ണി ജോസഫ് , അഡ്വ. സജീവ് ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി ജോൺ ചോനായിൽ, മുൻപഞ്ചായത്ത് പ്രസിഡന്റ് ബെന്നി തോമസ് , സൺഡേ സ്കൂൾ പ്രിൻസിപ്പൽ ചാക്കോ കാരാമയിൽ, മാതൃ വേദി പ്രസിഡന്റ് ജയമോൾ പുതിയാ കുളങ്ങര, മദ്റസാ പ്രിൻസിപ്പൽ എൻ.എൻ. ഷംസുദ്ദീൻ, അധ്യാപകരായ ഗഫൂർ മാസ്റ്റർ, മുനീറ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ഫാ.ജോസഫ് കാവനാടിയിൽ സ്വാഗതം പറഞ്ഞു.
ചർച്ചിനകത്തും സെമിത്തേരിയിലും സന്ദർശനം നടത്തിയ കുട്ടികൾക്ക് ഫാ. ഷിൻസ് കുടിലിൽ വിശ്വാസങ്ങളും ആചാരങ്ങളും വിവരിച്ചു കൊടുത്തു. മധുരം വിതരണം ചെയ്തും പൂക്കൾ കൈമാറിയും സന്തോഷം പങ്കിട്ട് പരസ്പരം പിരിയുമ്പോൾ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പുത്തൻ പാഠങ്ങൾ കുട്ടികൾ പഠിച്ചെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group