Join News @ Iritty Whats App Group

മണ്ഡല മഹോത്സവം തീരാനിരിക്കെ, ശബരിമലയിൽ വീണ്ടും തിരക്ക് വർധിച്ചു; ഇന്നും ഒരു ലക്ഷത്തിലേറെ ഭക്തരെത്തും



സന്നിധാനം: മണ്ഡല മഹോത്സവത്തിന് രണ്ടുനാൾ ശേഷിക്കെ ശബരിമലയിൽ തിരക്ക് കൂടി. ഇന്ന് 90,003 പേരാണ് വെർച്ചൽ ക്യൂ വഴി രജിസ്റ്റർ ചെയ്തത്. തിരക്കേറുന്ന സമയങ്ങളിൽ പമ്പ് മുതൽ ഘട്ടം ഘട്ടമായി നിയന്ത്രിച്ചാണ് തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഒരു ലക്ഷത്തിലേറെ ആളുകൾ ശബരിമലയിൽ എത്തുമെന്നാണ് പ്രതീക്ഷ. ആറൻ മുളയിൽ നിന്ന് പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര നാളെ വൈകുന്നേരം ശബരിമലയിൽ എത്തും.

അതിനിടെ ശബരിമലയിലെ പരമ്പരാഗത പാതയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു. മരക്കൂട്ടം മുതൽ ശരംകുത്തിവരെ വഴിതിരിച്ച് വിട്ടതിനെ തുടർന്ന് തീർത്ഥാടകർക്കും കച്ചവടക്കാർക്കും ഉണ്ടായ ബുദ്ധിമുട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ കരിങ്കൽ പാകിയ പാതയിൽ വിശ്വാസികൾക്ക് സുഗമമായ യാത്ര സാധ്യമാകും. തിരുവിതാകൂർ ദേവസ്വം ബോർഡും സന്നിധാനത്തെ നിയന്ത്രണങ്ങളുടെ ചുമതലയുള്ള പൊലീസും തമ്മിലെ ഏകോപനമില്ലായ്മയിൽ വലഞ്ഞത് തീർത്ഥാടകരായിരുന്നു. ഈ ബുദ്ധിമുട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് തൊട്ടു പിന്നാലെയാണ് അധികൃതർ ഇടപെട്ടത്. പ്രായമായവർക്കും കുട്ടികൾക്കും എല്ലാം പുതുതായി കരിങ്കൽപാകിയ പരമ്പരാഗത പാതയിലൂടെ സുഗമമായ തീർത്ഥാടനം സാധ്യമായത്. ഈ സീസണിന്റെ തുടക്കത്തിലാണ് കോടികൾ ചെലവിട്ട് പരമ്പരാഗത പാത കരിങ്കല്ല് പാകി വൃത്തിയാക്കിയത്.

എന്നിട്ടും തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ ക്യൂ കോംപ്ലക്സുകൾക്ക് പിൻവശത്ത് മുള്ളും കുപ്പിച്ചില്ലുകളും നിറഞ്ഞ വനഭൂമിക്ക് സമീപത്തെ മൺപാതയിലൂടെ പറഞ്ഞുവിട്ടതാണ് തീർത്ഥാടകരെ ബുദ്ധിമുട്ടിലാക്കിയത്. ക്യൂ കോംപ്ലക്സുകൾക്ക് മുന്നിലൂടെ ആളുകൾ കടന്നുപോകാൻ തുടങ്ങിയതോടെ കച്ചവടക്കാർക്കും സന്തോഷമായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകർ എത്തുന്നതോടെ കച്ചവടത്തിലുണ്ടായ ഇടിവ് നികത്തപ്പെടുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Post a Comment

Previous Post Next Post
Join Our Whats App Group