Join News @ Iritty Whats App Group

കോഴിക്കോട് വയനാട് റൂട്ടിൽ ഗതാഗത നിയന്ത്രണം; താമരശേരി ചുരത്തില്‍ ഇന്ന് രാത്രി 9 മണിക്കു ശേഷം ആംബുലന്‍സ് മാത്രം


താമരശ്ശേരി: അടിവാരംമുതൽ ചുരംവഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങൾക്ക് രാത്രി 8 മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കോഴിക്കോട് കളക്ടർ അറിയിച്ചു. അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ കയറ്റിയ എച്ച്.ജി.ബി ഗൂണ്‍സ് ട്രക്കുകള്‍ രാത്രി 11 മണിക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട്ടിലേക്ക് കടന്നുപോകുന്നതിനായാണ് ആംബുലന്‍സ് ഒഴികെ മറ്റു വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം.

മൂന്നു മാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ട ട്രക്കുകള്‍ക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നല്‍കിയ സാഹചര്യത്തിലാണ് വയനാട് ജില്ലയില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

വ്യാഴാഴ്ച് രാത്രി 8 മണി മുതല്‍ ജില്ലയില്‍ നിന്നും താമരശ്ശേരി ചുരം വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ഈ സമയം ചുരം വഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

സുല്‍ത്താന്‍ ബത്തേരി ഭാഗത്ത് നിന്നും കല്‍പ്പറ്റ-വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികളും ഹെവി വാഹനങ്ങളും വ്യാഴാഴ്ച് രാത്രി 8 മണി മുതല്‍ ബീനച്ചി- പനമരം വഴിയോ, മീനങ്ങാടി -പച്ചിലക്കാട് വഴിയോ പക്രതളം ചുരം വഴിയോ പോകേണ്ടതാണ്. മാനന്തവാടിയില്‍ നിന്നുള്ള വാഹനങ്ങളും ഇപ്രകാരം പോകേണ്ടതാണ്.

സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ എസ് ആർ ടി സി, സ്വകാര്യ ബസ്സുകള്‍ രാത്രി 9 മണിക്ക് ശേഷം കല്‍പ്പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ വഴി പക്രതളം ചുരത്തിലൂടെ പോകേണ്ടതാണ്.

ബത്തേരി, കല്‍പ്പറ്റ ഭാഗങ്ങളില്‍ നിന്നും തൃശ്ശൂര്‍, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ തമിഴ്‌നാട് നാടുകാണി ചുരം വഴി പോകേണ്ടതാണ്.

രാത്രി 9 മണിക്ക് ശേഷം കല്‍പ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ഭാഗങ്ങളില്‍ നിന്നും വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് ആംബുലന്‍സ് ഒഴികെ മറ്റൊരു വാഹനവും പോകാന്‍ അനുവദിക്കില്ല.

Post a Comment

Previous Post Next Post
Join Our Whats App Group