Join News @ Iritty Whats App Group

മകന്‍റെ വിശപ്പടക്കാൻ 500 രൂപ കടംചോദിച്ച അമ്മയ്ക്കു അക്കൗണ്ടിൽ എത്തിയത് 51 ലക്ഷം രൂപ

പാലക്കാട് : സെറിബ്രൽ പാൾസി രോഗം ബാധിച്ച മകന്‍റെ വിശപ്പടക്കാൻ അധ്യാപികയോട് 500 രൂപ കടംചോദിച്ച വീട്ടമ്മയ്ക്ക് ദിവസങ്ങൾക്കകം ബാങ്ക് അക്കൗണ്ടിലെത്തിയത് 51 ലക്ഷം രൂപ.പാലക്കാട് കൂറ്റനാട് സ്വദേശി സുഭദ്രയ്ക്കാണ് സുമനസുകളുടെ സഹായം ലഭിച്ചത്.

ഇവരുടെ ദുരിതത്തെ കുറിച്ച് വട്ടേനാട് സ്കൂളിലെ ഗിരിജ ടീച്ചറിട്ട ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടാണ് ആളുകൾ സഹായവുമായി എത്തിയത്. രോഗം ബാധിച്ച് തീർത്തും കിടപ്പിലായ 17 വയസുള്ള മകൻ ഉൾപ്പെടെ മൂന്നു മക്കളാണ് സുഭദ്രയ്ക്കുള്ളത്. 5 മാസം മുമ്പ് ഭർത്താവ് മരിച്ചതോടെ കുടുംബത്തിന്റെ ഏക ആശ്രയവും മുടങ്ങി ഇതോടെ ജീവിതം തീർത്തും ദുരിതത്തിലായി. രോഗിയായ മകനൊപ്പം മറ്റ് രണ്ട് മക്കളെ കാവലിരുത്തിയാണ് സുഭദ്ര കൂലിപ്പണിയ്ക്ക് പോവുക. പണിക്ക് പോവാൻ പറ്റാതായതോടെ കുടുംബം മുഴു പട്ടിണിയിലായി.

പൊട്ടി പൊളിയാറായ വീട്ടിലാണ് താമസം. മകന്‍റെ വിശപ്പടക്കാൻ മറ്റുവഴിയില്ലാതെ വന്നതോടെ സുഭദ്ര 500 രൂപയ്ക്കായി ഗിരിജ ടീച്ചറെ സമീപിക്കുകയായിരുന്നു . ആവശ്യമായ പണം അയച്ചു കൊടുത്തതിനൊപ്പം ടീച്ചർ സുഭദ്രയുടെ ദുരിതത്തെ കുറിച്ച് ഫെസ് ബുക്കിൽ പോസ്റ്റിട്ടു. ഇതിനെ തുടര്‍ന്ന് സുഭദ്രയ്ക്ക് പല വഴികളിൽ നിന്നും സഹായപ്രവാഹം എത്തുകയായിരുന്നു

പാതിവഴിയിലായ വീട് പണിയും മകന്റെ തുടർ ചികിത്സയും ഈ പണം കൊണ്ട് സുഭദ്രയ്ക്ക് പൂർത്തിയാക്കണം. ഒരിക്കൽ പോലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത മനുഷ്യരിൽ നിന്ന് ലഭിച്ച കൈത്താങ്ങിന്റെ ബലത്തിൽ മകനൊപ്പം ജീവിതത്തിൽ പുതിയ ചുവടുകൾ വെക്കാൻ ഒരുങ്ങുകയാണ് സുഭദ്ര.

Post a Comment

Previous Post Next Post
Join Our Whats App Group