Join News @ Iritty Whats App Group

ലോകത്തെ വിറപ്പിച്ച് വീണ്ടും കൊവിഡ്; ചൈനയിൽ 21 ലക്ഷം ആളുകൾ വരെ മരിക്കുമെന്ന് റിപ്പോർട്ട്




ദില്ലി: ലോകത്തെ ആശങ്കയിലാക്കി കൊവിഡ് കേസുകളിൽ വൻ വർധനവ്. ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ചൈന സീറോ കൊവിഡ് നയം പിൻവലിച്ചാൽ 13 മുതൽ 21 ലക്ഷം ആളുകൾ വരെ മരണത്തിന് കീഴടങ്ങിയേക്കാമെന്നും റിപ്പോർട്ട് പുറത്തുവന്നു. കുറഞ്ഞ വാക്സിനേഷനും ബൂസ്റ്റർ നിരക്കും ഹൈബ്രിഡ് പ്രതിരോധശേഷിയുടെ അഭാവവുമാണ് ചൈനക്ക് തിരിച്ചടിയായതെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഗ്ലോബൽ ഹെൽത്ത് ഇന്റലിജൻസ് ആൻഡ് അനലിറ്റിക്സ് സ്ഥാപനമായ എയർഫിനിറ്റി റിപ്പോർട്ട് ചെയ്തു.

ചൈനയിൽ കൊവിഡിനെതിരെ സ്വാഭാവിക പ്രതിരോധശേഷി വളരെ കുറവാണ്. പൗരന്മാർക്ക് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന സിനോവാക്ക്, സിനോഫാം എന്നീ വാക്സിനേഷൻ നൽകിയിട്ടുണ്ട്. എന്നാൽ, ചൈനയുടെ വാക്സീനുകൾക്ക് കാര്യക്ഷമത കുറവാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ ഹോങ്കോങ്ങിന് സമാനമായ തരംഗം കാണുകയാണെങ്കിൽ, ചൈനയിൽ 167 മുതൽ 279 ദശലക്ഷം കൊവിഡ് കേസുകൾ വരെ ഉണ്ടാകാമെന്നും മരണം 13 മുതൽ 21 ലക്ഷം വരെ ആകാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ചൈന ​ഗുണനിലവാരമുള്ള വാക്സീനുകൾ വിതരണം ചെയ്യേണ്ടത് അത്യന്താപേക്ഷികമാണെന്ന് എയർഫിനിറ്റിയുടെ വാക്‌സിനുകളുടെയും എപ്പിഡെമിയോളജിയുടെയും തലവൻ ഡോ. ലൂയിസ് ബ്ലെയർ പറഞ്ഞു. കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ഡിസംബർ ഏഴിന് ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. പിന്നാലെ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായി. അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളിലും കൊവിഡ് കേസുകൾ വർധിക്കുകയാണ്. കൊവിഡ് വ്യാപനം ആ​ഗോള സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് ലോകം.

ലോകത്ത് പലയിടങ്ങളിലായി കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയിലും ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. പ്രതിരോധ മാർഗങ്ങളുടെ സ്ഥിതി, വാക്സിനേഷൻ പുരോഗതി മുതലായവ വിലയിരുത്തുകയാണ് അജണ്ട.ആരോഗ്യ സെക്രട്ടറി അടക്കമുള്ള പ്രധാന ഉദ്യോഗസ്ഥർ, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

Previous Post Next Post
Join Our Whats App Group