മാസം തികയാതെ (ഗര്‍ഭാവസ്ഥയുടെ 37 ആഴ്ചകള്‍ക്ക് മുമ്പ്) ജനിക്കുന്ന കുഞ്ഞുങ്ങളുടെയും ജനിക്കുമ്പോള്‍ 2.5 കിലോയില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടന (WHO) പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (new guidlines) പുറത്തിറക്കി. കംഗാരു മദര്‍ കെയര്‍ (kangaroo mother care) എന്ന ചികിത്സാ രീതി പിന്തുടരണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്നത്. സ്കിൻ ടു സ്കിൻ കോൺടാക്ട് (skin to skin contact) അഥവാ കുഞ്ഞിനെ അമ്മയുടെയോ അച്ഛന്റെയോ നെഞ്ചോട് ചേർത്ത് വയ്ക്കുന്ന രീതിയാണിത്. കുഞ്ഞ് ജനിച്ച ഉടന്‍ തന്നെ ഇത് ആരംഭിക്കണം.
ഇന്ത്യയില്‍ ഇതിനകം തന്നെ ഈ രീതി പിന്തുടരുന്നുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറല്‍ ഡോ. മാധുരി പട്ടേല്‍ പറയുന്നത്. 262 മെമ്പര്‍ സൊസൈറ്റികളും 37,000 അംഗങ്ങളുമാണ് സംഘടനയില്‍ ഉള്ളത്.
'നവജാതശിശുവിന് ഉടൻ മുലപ്പാല്‍ നല്‍കണമെന്നാണ് ഞങ്ങള്‍ എല്ലായ്‌പ്പോഴും പറയുന്നത്. ഇത് പ്രത്യേകിച്ച് മാസം തികയാത്ത കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇത് അവരെ അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകയും അവശ്യ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു, '' അദ്ദേഹം പറഞ്ഞു.
ഇത്തരം കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് വൈകാരികവും സാമ്പത്തികവുമായ പിന്തുണ ഉറപ്പാക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തിൽ ശുപാര്‍ശ ചെയ്യുന്നു. വേള്‍ഡ് പ്രിമെച്യുരിറ്റി ദിനത്തിന് മുന്നോടിയായാണ് ലോകാരോഗ്യ സംഘടന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. എല്ലാ വര്‍ഷവും നവംബര്‍ 17നാണ് ഈ ദിനം ആചരിക്കുന്നത്.
പ്രസവത്തിന് മുമ്പും പ്രസവ സമയത്തും അതിന് ശേഷവും പ്രായോഗികവും ചെലവ് കുറഞ്ഞതുമായ നടപടികളിലൂടെ ഒട്ടുമിക്ക ശിശുക്കളെയും രക്ഷിക്കാന്‍ കഴിയും. ആറ് മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു.
അമ്മയുടെ മുലപ്പാല്‍ ലഭ്യമല്ലെങ്കില്‍ മില്‍ക്ക് ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന പാല്‍ കുഞ്ഞിന് നല്‍കണം. കൂടാതെ മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ടോപ്പിക്കല്‍ ഓയില്‍ പുരട്ടണമെന്നും ശുപാര്‍ശ ചെയ്യുന്നു.
മാസം തികയാതെ ജനിക്കുന്നതാണ് 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണം. വരുമാനം കൂടിയ രാജ്യങ്ങളില്‍ 28 ആഴ്ചയിലോ അതിനു ശേഷമോ ജനിച്ച കുഞ്ഞുങ്ങളില്‍ ഭൂരിഭാഗം പേരും അതിജീവിക്കുന്നുണ്ട്. എന്നാല്‍ ദരിദ്ര രാജ്യങ്ങളില്‍ അതിജീവന നിരക്ക് 10 ശതമാനത്തില്‍ താഴെയാണ്. എല്ലാ വര്‍ഷവും ഏകദേശം 15 മില്യണ്‍ കുഞ്ഞുങ്ങള്‍ മാസം തികയാതെ ജനിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇത്തരം കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ ജോലിയുള്ള രക്ഷിതാക്കള്‍ക്ക് അവധി നല്‍കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
Post a Comment